നിസ്കാരം ആരാധനകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണ്. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി മറ്റെല്ലാ ആരാധനകളെക്കാളും നിസ്കാരത്തിന് സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അത് മതത്തിന്റെ സ്തംഭമാണ്. ഇസ്ലാമിന്റെയും കുഫ്റിന്റെയുമിടയിലുള്ള വേര്‍തിരിവുപോലും നിസ്കാരം കൊണ്ടാണെന്നു കാണാം. ഇത്രയും പ്രാധാന്യം നിസ്കാരത്തിനു കിട്ടിയത് അതിലടങ്ങിയ അതിവിശിഷ്ടമായ രഹസ്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് നിസ്കാരം സൂക്ഷ്മതാപൂര്‍വം നിര്‍വഹിക്കേണ്ടതുണ്ട്.
എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നിസ്കാരം നിലനിറുത്തുകയെന്ന് ഖുര്‍ആനില്‍ കാണാം. സ്മരണയില്ലാത്ത നിസ്കാരം അഥവാ അശ്രദ്ധയോടെയുള്ള നിസ്കാരം പ്രസ്തുത കല്‍പനയോടുള്ള തിരസ്കാരമാണ്. നിസ്കരിക്കുമ്പോള്‍ ശ്രദ്ധയും ഹൃദയസാന്നിധ്യവും ഉണ്ടാകണം. കാരണം നിസ്കാരം അല്ലാഹുവിനോടുള്ള മുനാജാത്ത് അഥവാ അഭിമുഖ സംഭാഷണമാണ്. അശ്രദ്ധയോടെയുള്ള കേവല സംസാരത്തെ മുനാജാത്ത് എന്നു വിശേഷിപ്പിച്ചുകൂടാ.
നിസ്കാരത്തിന്റെ ആത്മാവ് ഹൃദയ സാന്നിധ്യമാണെന്ന് പണ്ഡിതന്മാര്‍ സോദാഹരണം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിലെ ഒരു പ്രധാന ആരാധനയാണല്ലോ നോമ്പ്. പിശാചിന്റെ കടന്നുവരവിന് കാരണമൊരുക്കുന്ന ജഡിക താല്‍പര്യങ്ങളെ ക്ഷയിപ്പിക്കാന്‍ നോമ്പിന് പ്രകൃത്യാതന്നെ കഴിവുണ്ട്. ഹൃദയസാന്നിധ്യമില്ലെങ്കില്‍ പോലും അതു കിട്ടിയെന്നു വരാം. സകാത്ത് അനുഷ്ഠിക്കുമ്പോള്‍ ഹൃദയ സാന്നിധ്യമില്ലെങ്കില്‍ പോലും ജഡികമോഹങ്ങളോടും മാനസിക ദാഹത്തോടും സകാത്തിലൂടെ ഒരു തരം ജിഹാദ് നടക്കുന്നുണ്ട്. ഹജ്ജും ഇങ്ങനെത്തന്നെ. എന്നാല്‍ നിസ്കാരം തികച്ചും വ്യത്യസ്തമത്രെ.
No comments:
Post a Comment