ആധുനികതയും സമ്പദ്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുചര്യകളെ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഒന്നിച്ച് ഉണ്ണണമെന്നാണ് തിരുനബിയുടെ കല്‍പന. അത് പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍ വഴിവെക്കുമെന്ന് പ്രമാണങ്ങള്‍. മാപ്പിളമാര്‍ മുമ്പ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തില്‍. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് ഉണ്ടു.
പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍ സമുദായത്തിലേക്ക് പടികയറിവന്ന യൂറോസെന്‍ട്രിക് ലൈഫ് ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപറ്റ ഉസ്താദ് ആ തിരുചര്യയെ തിരിച്ചുവിളിച്ചു. അങ്ങനെ വീടുകളില്‍, സദസ്സുകളില്‍, ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ അഞ്ചും ആറും പേര്‍ ഒന്നിച്ചു ഒരു പാത്രത്തില്‍ നിന്ന് ഉണ്ണുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തുന്നു. അതും തനിതറയിലിരുന്നു അടിമയെ പോലെ ഭക്ഷണം കഴിക്കാന്‍ കൊതിച്ച തിരുനബിയുടെ മാതൃകയില്‍!
വിവാഹത്തിന്റെ ഉത്തമ മുഹൂര്‍ത്തം വെള്ളിയാഴ്ച രാവിലെയാണെന്നു വയള്വുപറയാനും പ്രസംഗിക്കാനും ആളുകളെമ്പാടുമുണ്ടെങ്കിലും അതു നടപ്പില്‍ വരുത്താന്‍ മിക്കയാളുകള്‍ക്കും സാധിക്കാതിരുന്ന ഘട്ടത്തിലാണ് നിര്‍ബന്ധ ബുദ്ധിയോടെ അക്കാര്യം നടപ്പിലാക്കാന്‍ ഉസ്താദ് മുന്നിട്ടിറങ്ങിയത്. സ്വന്തം കുടുംബത്തിലും ശിഷ്യന്മാരിലും ആത്മികബന്ധുക്കളിലും ആദ്യം അത് നടപ്പിലാക്കി. തുടക്കത്തില്‍ 'മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ക്ക് മാത്രമെന്താ വെള്ളിയാഴ്ച നികാഹ്?' എന്ന് ഒരു മതപണ്ഡിതന്‍ പോലും നീരസത്തോടെ ചോദിച്ചതും മറുപടിയൊന്നും പറയാതെ സഹതാപത്തോടെ മാറിനിന്നതും ഉസ്താദിന്റെ സ്മൃതിപഥങ്ങളിലുണ്ട്. ഇപ്പോള്‍ ഓരോ വെള്ളിയാഴ്ചയും രാവിലെ കാടാമ്പുഴ മരവട്ടം ഗ്രൈസ് വാലിയില്‍ നടക്കുന്ന ആത്മീയ സദസ്സിനുശേഷം നിരവധി നികാഹുകളാണ് നടക്കുന്നത്. വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ കാമ്പയിനുകളാചരിക്കുന്നവര്‍ പോലും ആ ചടങ്ങുകളുടെ ലാളിത്യത്തിനു മുന്നില്‍ തലകുനിച്ചുപോകും ( സ്വാദിഖ് ഫൈസി താനൂര്
)
No comments:
Post a Comment