അബൂ ഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു. നിങ്ങളിലൊരാള് തന്റെ സഹോദരനെ കണ്ടാല് സലാം പറയട്ടെ. അവര്ക്കിടയില് വൃക്ഷമോ, മതിലോ, പാറക്കല്ലോ മറയായി വരികയും എന്നിട്ട് വീണ്ടും അവന് തന്റെ സഹോദരനെ കാണാനിടവരികയും ചെയ്താല് സലാം പറയട്ടെ. (അബൂദാവൂദ്)
രണ്ടു പേര് തമ്മിലുണ്ടാകുന്ന വാക്ക് തര്ക്കങ്ങളും പിണക്കങ്ങളും സലാം കൊണ്ട് പരിഹൃതമാകുമെന്നതാണ് ഇസ്ലാമിക ഭാഷ്യം. കാരണം, പരസ്പരം ഐക്യവും സ്നേഹവും കെട്ടിപ്പടുക്കാനുള്ള ഏറ്റവും ഉത്തമമായ ഉപാധിയായി റസൂല് നിര്ദ്ദേശിച്ചതാണ് ഈ സംശുദ്ധമായ അഭിവാദനരീതി എന്നതുതന്നെ.
തന്നെക്കാള് മുതിര്ന്നവരോട് ഒരു പിഞ്ചുബാലന് ബഹുമാനസൂചകമായി സലാം പറയുമ്പോള് അതിന്റെ പ്രതിഫലനമെന്നോണം മുതിര്ന്നവര് വാത്സല്യപൂര്വം അവന് പ്രത്യഭിവാദ്യം ചെയ്യുന്നു.
ഇങ്ങനെ വലിപ്പ ചെറുപ്പ വ്യത്യാസങ്ങളില്ലാതെ, കുബേര കുചേല ഭേദമന്യേ മാനുഷികമായ മമതയും സ്നേഹവും സമൂഹത്തില് നിലനിന്നുപോരാന് ഏറ്റവും അനുയോജ്യമായ രീതിയാണ് ഇസ്ലാം സലാമിലൂടെ വിഭാവനം ചെയ്യുന്നത്. ആധുനികതയുടെ മിഥ്യയും നശ്വരവുമായ അനുഭൂതികള് കൊതിച്ച് മതത്തിന്റെ നിശ്ചിതങ്ങളായ അനുഷ്ഠാന കര്മങ്ങളോട് വിമുഖത കാണിക്കുന്നവര് അവക്കുള്ളില് മാഞ്ഞുകിടക്കുന്ന രഹസ്യങ്ങള് അന്വേഷിച്ചറിഞ്ഞ് ഇസ്ലാമിന്റെ ഋജുവായ മാര്ഗത്തിലേക്ക് കടന്നുവരുന്നെങ്കില്, ഇവിടെ പ്രശ്നരഹിതമായ ഒരു സ്നേഹലോകത്തിന്റെ പുനഃസൃഷ്ടി ഒരിക്കലും അസാധ്യമല്ലതന്നെ.
No comments:
Post a Comment