DOWNLOAD PDF
ഒട്ടനവധി വിശേഷണങ്ങള്‍ക്കുടമയായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കൂടുതല്‍ ജനകീയനും പ്രസക്തനുമാക്കിയത് തന്റെ ഗദ്യത്തിലും പദ്യത്തിലും പ്രഭാഷണങ്ങളിലും കത്തുകളിലുമായി നിറഞ്ഞുനിന്ന പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിറവര്‍ണനകളാണ്. ഇഖ്ബാലിന്റെ ചിന്തയും ആശയവും പ്രചോദനവും പ്രോത്സാഹനവും ശമനവും അത്താണിയും പരിഹാരവുമെല്ലാം പ്രവാചകനായിരുന്നു. താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേതും ഇഖ്ബാല്‍ പ്രവാചക സന്നിധിയില്‍ സമര്‍പ്പിച്ചു. അവിടന്ന് ലഭിക്കുന്ന മറുപടികളില്‍ ആത്മീയ സായൂജ്യമടഞ്ഞു.
ഇഖ്ബാലിന്റെ പ്രവാചക സ്‌നേഹം പിന്നീട് ഉര്‍ദു ഭാഷയുടെ ഉപമകളിലൊന്നായി മാറി. തന്റെ ജീവിത സായാഹ്നത്തില്‍ സന്ദര്‍ശകരാരെങ്കിലും പ്രവാചകനെയോ മദീനയെയോ അനുസ്മരിച്ചാല്‍ ഇഖ്ബാലിന്റെ നയനങ്ങള്‍ സജലങ്ങളായിത്തീരുക പതിവായി. അവസാന കാലത്ത് ഒരു സുഹൃത്തിനെഴുതിയ കത്തില്‍ ഇഖ്ബാല്‍ ഇങ്ങനെ എഴുതി: ‘ഞാന്‍ വിശ്വസിക്കുന്നു, പ്രവാചകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്. സച്ചരിതരായ സ്വഹാബികള്‍ എങ്ങനെയാണോ ആ പ്രവാചകനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചത്, അതുപോലെ ഇക്കാലത്തും സാധ്യമാണ്.’
അസ്‌റാറെ ഖുദി എന്ന വിഖ്യാത ഗവേഷണഗ്രന്ഥത്തില്‍ ഓരോ വ്യക്തിത്വത്തിന്റെയും വളര്‍ച്ചയുടെ ഉത്ഭവം പ്രവാചകനാണ് എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. ‘ഒരു സ്വത്വം നിര്‍മിക്കപ്പെടുന്നതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും ജീവിക്കുന്നതും ജ്വലിക്കുന്നതും ശോഭിക്കുന്നതുമെല്ലാം പ്രവാചക സ്‌നേഹവുമായി ഉള്‍ച്ചേരുമ്പോഴാണ്.’
No comments:
Post a Comment