DOWNLOAD PDF
മുഹമ്മദ് നബി(സ)യുടെ സദസ്സില്‍ സമ്മേളിച്ചിരിക്കുകയായിരുന്നു സ്വഹാബികള്‍. അവര്‍ക്കു മുമ്പില്‍ തിരുമേനി(സ) ഒരു നേര്‍രേഖ വരച്ചുകൊണ്ടു പറഞ്ഞു: ”ഇതാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗം”. പിന്നീട് പ്രസ്തുത വരയുടെ ഇടതും വലതുമായി കുറേ വരകളും എന്നിട്ട് പറഞ്ഞു: ”ഇതെല്ലാം പല വഴികളാണ്. ഈ വഴികളിലെല്ലാം നിന്നുകൊണ്ട് പിശാച് തന്റെ പക്ഷത്തേക്ക് ആളുകളെ ക്ഷണിക്കുകയാണ്”. തുടര്‍ന്ന് അല്‍-അന്‍ആം അധ്യായത്തിലെ 153-ാം വചനം നബി(സ) അവര്‍ക്ക് ഓതിക്കൊടുത്തു: ”ഇതത്രെ എന്റെ നേര്‍വഴി. നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റരുത്. അവയെല്ലാം നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.” (അഹ്മദ്, നസാഈ, ദാരിമി)
യഥാര്‍ത്ഥ ഇസ്‌ലാം ഒരു നേര്‍രേഖയാണ്. വളവുകളും വൈകല്യങ്ങളും വ്യതിയാനങ്ങളുമില്ലാത്ത തെളിഞ്ഞ വഴി. ഈ രാജ പാതയിലൂടെയാണ് ആദം(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ള സര്‍വ്വ പ്രവാചകന്മാരും കടന്നുപോയത്. അന്ത്യനാള്‍ വരെ കളങ്കവും കാലുഷ്യവും കലരാതെ നിത്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്ന സരണിയും അതുതന്നെ.
പക്ഷേ, ഈ പാതയുടെ ഇരുപാര്‍ശ്വങ്ങളിലും സാത്താന്‍ പുതിയ കുറെ ഇടവഴികളും ഇടുങ്ങിയ ഗര്‍ത്തങ്ങളും വെട്ടിതുറന്നിട്ടുണ്ട്. അതാണ് തിരുമേനി(സ) പ്രവചിച്ച ‘പലവഴി’കള്‍. നേരിന്റെ വഴിത്താരയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നവരെ കബളിപ്പിച്ച്, റൂട്ട് തെറ്റിക്കുകയാണവന്‍. യുക്തിയുടെ പ്രകടന പരതയും മത നവീകരണത്തിന്റെ ന്യായാന്യായങ്ങളുമാണവന്റെ ആയുധം. സല്‍സരണിയില്‍ സംശയങ്ങളുടെ പൊടിപടലങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളെ അങ്കലാപ്പിലാക്കുകയാണവന്റെ ഹോബി. മതത്തിന്റെ യഥാര്‍ത്ഥ സംരക്ഷകന്റെ റോളിലാണവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടുക. വിശ്വാസികളെ പെട്ടെന്ന് വഴിതെറ്റിക്കാന്‍ കഴിയുക മതത്തിന്റെ വേദവും വേഷവുമെല്ലാം സ്വീകരിക്കുന്നതിലൂടെയാണെന്ന് അവനെന്നോ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ശേഷവിശേഷങ്ങളായിരുന്നു മതത്തിന്റെ പേരില്‍ ഉടലെടുത്ത അവാന്തര പ്രസ്ഥാനങ്ങള്‍.
ഇസ്‌ലാമിന്റെ പേരില്‍ സാത്താന്റെ സിംബലുകളുയര്‍ത്തിപ്പിടിച്ച് രംഗപ്രവേശം ചെയ്ത ഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ മുന്നോട്ടുവന്ന ഇസ്‌ലാമിന്റെ മുഖ്യധാരയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ: അതൊരു പ്രസ്ഥാനമോ ചിന്താ സരണിയോ അല്ല. ഇടമുറിയാത്ത പാരമ്പര്യത്തിലൂടെ മുസ്‌ലിം ബഹുഭൂരിപക്ഷം കടന്നുപോയ രാജവീഥിയാണത്. അല്ലാഹുവിന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായ നബിമാര്‍, സ്വിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ തുടങ്ങിയവരെല്ലാം സഞ്ചരിച്ച ‘സ്വിറാത്തുല്‍ മുസ്തഖീം’ ആണത്. പുതിയ വാദങ്ങളുയര്‍ത്തിയവരും നവീന ചിന്തകള്‍ക്ക് വശംവദരായവരുമെല്ലാം വിഘടിച്ചുപോയത് ഇവിടെ നിന്നാണ്. ഇസ്‌ലാമിന്റെ ഈ തറവാട്ടിനകത്ത് കലഹം സൃഷ്ടിച്ച് ഇറങ്ങിപോയവരെല്ലാം അധികാരവും സമ്പത്തുമുപയോഗിച്ച് ഇതിനെ നശിപ്പിക്കാന്‍ നോക്കി. അവരെല്ലാം ആദ്യമൊന്ന് ആളികത്തിയെങ്കിലും പിന്നീട് കെട്ടടങ്ങി. അഹ്‌ലുസ്സുന്ന: മാത്രം മങ്ങലേല്‍ക്കാതെ ജ്വലിച്ചുനിന്നു. ശൈഥില്യത്തിന്റെയും വ്യതിയാനത്തിന്റെയും വക്താക്കള്‍ക്ക് ഒരിക്കല്‍പോലും സത്യസരണിയെ അതിജയിക്കാനായില്ല. അവരെല്ലാം ഈ തറവാട്ടുപടിക്കല്‍ പലപ്പോഴും മുട്ടുകുത്തേണ്ടിവന്നവരാണ്. വിഘടിച്ചുപോയ മുഴുവന്‍ കക്ഷികളും ഒന്നിച്ചു കൈകോര്‍ത്തിട്ടും ചരിത്രത്തിലൊരിക്കല്‍ പോലും അവര്‍ അഹ്‌ലുസ്സുന്ന:യുടെ അടുത്തെത്തിയില്ല. എക്കാലത്തുമുള്ള മുസ്‌ലിം ബഹുഭൂരിപക്ഷം ഈ മുഖ്യധാരയുടെ കൂടെയായിരുന്നു.
Best for work
ReplyDelete