DOWNLOAD PDF
സത്യ വിശ്വാസത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തി പരമായ സ്വാതന്ത്ര്യമാണ്. പ്രബോധകന്‍ അക്കാര്യത്തില്‍ നിര്‍ബന്ധം ചെലുത്തെണ്ടതില്ല. അതൊട്ട് അവന്റെ ബാധ്യതയുമല്ല. പ്രവാചക തിരുമേനിയുടെ അനുച്രന്മാരില്‍ ചിലര്‍ തങ്ങളുടെ കുടുംബത്തില്‍ പെട്ടവരെ നിര്‍ബന്ധിച്ചു ഇസ്ലാമില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് “മതത്തില്‍ ബലാല്‍ക്കരമില്ല” (2:256) എന്ന സൂക്തം അവതരിച്ചത്. നന്മയിലേക്കുള്ള ക്ഷണം സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും ക്ഷണിച്ച വ്യക്തിക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നു. നിരാകരിച്ചവരെ അവരുടെ പാട്ടിനു വിടുക. ദുരന്ത ഫലം അള്ളാഹു അവരെ അനുഭവിപ്പിക്കും തീര്‍ച്ച. അള്ളാഹു പറയുന്നു “ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ; അല്ലാത്തവര്‍ അവിശ്വസിക്കട്ടെ” (അല്കഹ്ഫ് 29)
വിശ്വാസം മനുഷ്യന്റെ ജന്മപരമായ അവകാശവും സ്വാതന്ത്ര്യവുമാണ്. ഏതു തെറ്റായ കാര്യവും വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. ശരി ഏതാണെന്ന് മനുഷ്യര്‍ക്ക് സ്രഷ്ടാവ് തന്നെ കാണിച്ചു കൊടുത്തിട്ടുണ്ട്. അത് പിന്തുടര്‍ന്നവര്‍ക്ക് ശാശ്വതമായ പ്രതിഫലം അവന്‍ തന്നെ നല്‍കുകയും ചെയ്യും. അല്ല്ലാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സൃഷ്ടാവിന് അധികാരവും അവകാശവും യോഗ്യതയും ഉണ്ട്. സൃഷ്ടാവിന്റെ മാര്‍ഗം പിന്തുടരുന്നവര്‍ പ്രസ്തുത മാര്‍ഗം പ്രബോധനം ചെയ്യാന്‍ ബാധ്യസ്ഥരാണ്. സമാധാനത്തിന്റെയും നീതിയുടെയും മാര്‍ഗ്ഗേണ പ്രസ്തുത ബാധ്യത നിരവേറ്റുമ്പോള്‍ മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നേണ്ട കാര്യമൊട്ടുമില്ല. പ്രായോഗിക ബുദ്ധിയും തന്റെടവുമുള്ളവര്‍ സത്യം ഉള്‍കൊണ്ട് അതിനെ വാരിപുണരാന്‍ മുന്നോട്ട് വരുന്നതില്‍ ആശങ്കാകുലരാകേണ്ടതുമില്ല. സത്യം വ്യക്തമായിട്ടും സ്വീകരിക്കാന്‍ സന്നദ്ധരാകാതെ അവഗണിക്കുന്നവരോട് അക്രമത്തിന്റെയും ബലാല്‍ക്കാരത്തിന്റെയും മാര്‍ഗ്ഗം അവലംബിക്കാന്‍ ഇസ്ലാമിക പ്രബോധകര്‍ ആജ്ഞാപിക്കപ്പെട്ടിട്ടുമില്ല. ഇതാണ് ഇസ്ലാമിക പ്രബോധന വീക്ഷണം.(ജലീല്‍ ഫൈസി പുല്ലങ്കോട്)
No comments:
Post a Comment