DOWNLOAD PDF
ജീവിച്ചിരിക്കുന്ന ഏതൊരാളെക്കാളും തീവ്രമായി സ്‌നേഹിക്കപ്പെടുന്ന പ്രേമഭാജനമാണ് മുത്തുമുസ്ത്വഫ. പിരിഞ്ഞിരിക്കാന്‍ കഴിയാത്ത ഇണകളെക്കാള്‍, വാത്സല്യനിധികളായ മക്കളെക്കാള്‍, ബന്ധുത്വം അറുത്തുമാറ്റാനാവാത്ത മാതാപിതാക്കളെക്കാള്‍ കൂടുതല്‍ പ്രവാചകരെ സ്‌നേഹിക്കുന്നവര്‍ വര്‍ത്തമാനകാലത്തും എത്രയെങ്കിലുമുണ്ട്. സ്വന്തം ശരീരത്തേക്കാള്‍ കൂടുതല്‍ നബിയെ ഇഷ്ടപ്പെടുന്നവരുണ്ട്. നാമശ്രവണമാത്രയില്‍ കണ്ണുകള്‍ ഈറനണിയുന്ന ആശിഖുകള്‍ എത്രയുമുണ്ട്. തിരുസന്നിധിയില്‍ വച്ച് ഹസ്സാനുബ്‌ന് സാബിത് ചൊല്ലിയ കവിതയിലെ പ്രണയതീവ്രത അതേ ആക്കത്തിലും തൂക്കത്തിലും ആറു നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ട ബുര്‍ദയിലും അനുഭവിക്കാം. പിന്നെയും എത്രയോ കാലത്തിനു ശേഷം ഉമര്‍ ഖാളിയും അല്ലാമാ ഇഖ്ബാലും മറ്റും രചിച്ച കാവ്യങ്ങളും അത്രതന്നെ വികാരവാഹികളാണ്.
തിരുവചനങ്ങള്‍ കേട്ട് കുളിരണിയുന്ന ഹൃദയങ്ങള്‍ക്ക് വല്ല കണക്കുമുണ്ടോ? എത്രയെത്ര ആളുകളാണ് തിരുകര്‍മങ്ങള്‍ അതേപടി അനുകരിക്കാന്‍ വെമ്പല്‍കൊള്ളുന്നത്! നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ 14 നൂറ്റാണ്ടു മുമ്പത്തെ മദീനയിലേക്ക് മനസ് പറഞ്ഞുപോകുന്നവര്‍ എത്രയുമുണ്ട് ഈ പരിഷ്‌കൃത യുഗത്തിലും. സംഭവിച്ചത് ഇത്രയുമാണ്: മുത്തുനബിയുടെ പൂമേനി ഭൂഗര്‍ഭത്തില്‍ സുഖനിദ്രയിലാണ്. അത്രമാത്രം. അതിനപ്പുറമുള്ളതെല്ലാം അനന്തകോടി മനുഷ്യരില്‍ സജീവമായി നിലകൊള്ളുന്നു. കാലവും ദേശവും ഏതുമാകട്ടെ, ലോകാവസാനം വരെ വരാനിരിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ് ആ ജീവിതം. അതുകൊണ്ടുതന്നെ ഭൂതകാലത്തില്‍ തീര്‍ന്നുപോയ ഒന്നല്ല മുസ്ത്വഫ, അനേകായിരങ്ങളിലൂടെ അനുനിമിഷം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിത്യനൂതന സ്വാധീനമാണ്. കാണില്ല, ലോകത്തില്‍ ഈ വിധം മറ്റൊരു ജീവിതം.
ജീവിച്ചിരുന്ന കാലത്ത് അനുചരസംഘത്തിന് ലഭിച്ചുകൊണ്ടിരുന്ന ഗുണങ്ങള്‍ പ്രവാചകനില്‍നിന്നും ഇപ്പോഴും ലഭിച്ചേക്കാമെന്ന് ഇഖ്ബാല്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ വിശുദ്ധ ജീവിതത്തിന്റെ താളുകള്‍ വീണ്ടും വീണ്ടും മറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്; ക്ലാവുപിടിക്കാത്ത പുതുപാഠങ്ങള്‍ കണ്ടെടുക്കപ്പെടുന്നത്. കാലാതീതമാണ് പ്രവാചക മാതൃകയെന്ന് നവീനവായനകള്‍ വിളിച്ചോതിക്കൊണ്ടിരിക്കുന്നു. പ്രവാചകവിരോധത്തിന്റെ കരിമ്പാറകള്‍ പിളര്‍ന്നുകൊണ്ട് പടിഞ്ഞാറുനിന്നുവരുന്ന പഠനങ്ങള്‍ അത് ദേശാതീതമാണെന്നും തെളിയിക്കുന്നു.
No comments:
Post a Comment