അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഏതെങ്കിലുമൊരുത്തന്‍ തന്റെ ആഹാരത്തില്‍ വിശാലത നല്‍കപ്പെടാനും ആയുസ്സ് പിന്തിക്കപ്പെടാനും ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ.
ഭൗതിക ലോകത്ത് ഒരു സമൂഹ ജീവിയായി കഴിയുന്ന മനുഷ്യന്, തന്റെ ജീവിത യാത്രയുടെ പുരോഗതിക്ക് ഐഹിക ലോകത്ത് ഒഴിച്ചു കൂടാനാവാത്ത രണ്ട് ഘടകങ്ങളാണ് ആഹാരവും ആയുസ്സും. ആരോഗ്യകരമായി ജീവിതം മുന്നോട്ടു നയിക്കാന്‍ ആവശ്യമായ ഒരു ഘടകമാണ് അന്നപാനാധികളെങ്കില്‍ ഇഹലോക ജീവിതത്തിന്റെ ആദ്യാന്തങ്ങള്‍ നിര്‍ണയിക്കുന്ന മര്‍മപ്രധാന ഘടകമാണ് ആയുസ്സ്. ജീവിതത്തില്‍ ഇവ രണ്ടും അത്യന്താപേക്ഷിതമായതിനാല്‍ തന്നെയാണ് ഓരോ മനുഷ്യനും അരച്ചാണ്‍ വയറിനെ തൃപ്തിപ്പെടുത്താന്‍ രാപ്പകല്‍ ഭേദമന്യെ അധ്വാനിക്കുന്നതും മരണത്തെ ഭയപ്പെടുന്നതും. ആയുര്‍ ദൈര്‍ഘ്യവും സുഭിക്ഷമായ ആഹാരവും ആഗ്രഹിക്കാത്തവരായി മനുഷ്യസമൂഹത്തില്‍ ആരുമുണ്ടായിരിക്കില്ലെന്നു ചുരുക്കം.
എന്നാല്‍ ഇവ രണ്ടും തികച്ചും ദൈവദത്തമായതു കൊണ്ടു തന്നെ അവയുടെ ലഭ്യതയിലും ദൈവികമായ ഇടപെടലുണ്ടാവുമെന്നത് സ്വാഭാവികം മാത്രം. മഹാനായ റസൂല്‍(സ) സൂചിപ്പിക്കുന്നതും ഈ ദൈവികമായ ഇടപെടലിലേക്കാണ്. അവയുടെ യുക്തി ചിലപ്പോഴെന്നല്ല മിക്കപ്പോഴും മനുഷ്യചിന്തകള്‍ക്കതീതമാണു താനും. അല്ലെങ്കില്‍ ചിലര്‍ക്കു ചോദിക്കാനുണ്ടാകും; ആയുര്‍ദൈര്‍ഘ്യത്തിന്റെയും ഭക്ഷണവിശാലതയുടെ ലഭ്യതയും കുടുംബബന്ധം ചേര്‍ക്കലും തമ്മിലെന്തു ബന്ധമാണെന്ന്. (islamonweb.net)
No comments:
Post a Comment