DOWNLOAD PDF
ആഹാരത്തിനു ഏറ്റവും ശ്രേഷ്ഠം കൃഷി ചെയ്തു സമ്പാദിച്ച സമ്പാദ്യമുപയോഗിക്കലാണ്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയെന്ന വിശിഷ്ട സ്വഭാവം കൂടുതല്‍ ആവശ്യമാകുന്നത് കൃഷിയായതുകൊണ്ടാണത്. പിന്നെ സ്വയം കൈപ്പണി ചെയ്തു നേടുന്നവയാണ്. അധ്വാനിച്ചവന് സംതൃപ്തി എന്ന തത്വം പ്രത്യക്ഷപ്പെടുന്ന മേഖലയാണത്. തുടര്‍ന്ന് കച്ചവട സമ്പാദ്യമാണ് കടന്നു വരുന്നത്. സ്വഹാബിമാര്‍ പലരും കച്ചവടം ചെയ്തു ഉപജീവനം നടത്തിയത് ചരിത്രത്തില്‍ കാണാം.
ഇസ്‌ലാം അനുവദിച്ച ഭക്ഷ്യവസ്തുവാണ് ശുദ്ധ ഭക്ഷണം. അതു കഴിക്കുന്നതില്‍ അല്ലാഹുവിന് വഴിപ്പെടാനുള്ള ശക്തിയാര്‍ജ്ജിക്കുകയെന്ന് സദുദ്ദേശ്യമുണ്ടാകുമ്പോള്‍തന്നെ ഭോജനം പ്രതിഫലാര്‍ഹമാകുന്നു. സ്വയാഗ്രഹവും സുഖാനുഭൂതിയും ലക്ഷ്യമാക്കുന്നുവെങ്കില്‍ അതു അനുവദനീയം മാത്രമാണ്. ശരീരത്തിനോ, ബുദ്ധിക്കോ മാരകമാവുന്ന വസ്തു ഭക്ഷിക്കുന്നത് ഹറാമാണ്. കല്ല്, മണ്ണ്, പളുങ്ക്, വിഷം തുടങ്ങിയവ ഹാനികരമാണെന്നുറപ്പുള്ള പക്ഷം അവ അകത്താക്കല്‍ നിഷിദ്ധമാകും. ഹാനികരമാകാത്ത പ്രകൃതക്കാരന് ഹറാമാണെന്ന പറയാനാകില്ല, കാരണം അവയിലൊന്നും പ്രത്യേകം നിരോധനം വന്നിട്ടില്ല.
ആഹാരത്തില്‍ ഉല്ലാസ ഭോജന ഒഴിവാക്കുകയാണ് നല്ലത്. പൂര്‍വ്വസൂരികളുടെ രീതിയല്ല അത്. പക്ഷേ, സവിശേഷ സന്ദര്‍ഭങ്ങളില്‍ ഉല്ലാസഭോജനം അഭിലഷണീയമാകും. അതിഥി സല്‍ക്കാരം, ആശൂറാഅ്, പെരുന്നാള്‍ പോലോത്ത വേളകളില്‍ പ്രതാപഭാവത്തിനല്ലാതെ, അതിഥി- കുടുംബങ്ങളെ സന്തോഷിപ്പിക്കുവാനുദ്ദേശിച്ച് വര്‍ണശബളമായി ഭക്ഷണമൊരുക്കല്‍ വേണ്ടതാണ്. മധുരമുള്ള ഭക്ഷ്യ വിഭവം സുന്നത്താണ്. പരമാവധിയാളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്.(islamonweb.net)
No comments:
Post a Comment