മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.
പ്രവാചകരും അവിടത്തെ അനുയായികളും രണ്ടുമാസങ്ങള്‍ക്കുമുമ്പു തന്നെ റംസാനിന്റെ വരവ് അറിയിക്കാനും അതിനെ സ്വീകരിക്കാനും സജ്ജരായിരുന്നു. ''റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് നല്‍കുകയും പരിശുദ്ധ റംസാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ'' എന്ന് അവിടുന്ന് സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. സാധാരണ മാസങ്ങളില്‍ തന്നെ ധാരാളം ആരാധനകള്‍ ചെയ്യാറുണ്ടായിരുന്ന തിരുനബി റംസാന്‍മാസമായാല്‍ തന്റെ അരയുടുപ്പ് ശക്തമായി കെട്ടി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റ്ആരാധനകള്‍ക്കും വേണ്ടി മാത്രം സമയം ചെലവഴിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകും. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അധമ വികാരങ്ങളെ ചുട്ടെരിക്കുന്ന ആത്മീയശക്തിയാര്‍ജിക്കുകയാണ് മനുഷ്യന്‍. ശരീരത്തിന്റെ ഇച്ഛകള്‍ മനസ്സിനെ മലിനമാക്കുന്ന ഉപഭോഗ ത്വരയുടെ നടുക്കയത്തിലാണിപ്പോള്‍ നാം ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരമായി അപഭ്രംശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. പുതിയ സാങ്കേതിക വിപ്ലവങ്ങളും പുതിയ മാധ്യമങ്ങളും ശരീരത്തിന്റെ ഉത്സവങ്ങളാണ് വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍പ്പെട്ട് മനുഷ്യന്‍ ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയെപ്പോലെ ദിശയറിയാതെ സഞ്ചരിക്കുകയാണ്. പതിനൊന്ന് മാസക്കാലം ഈ മായയില്‍ ജീവിക്കുന്ന മനുഷ്യനെ തൊട്ടുണര്‍ത്തി, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാന്‍ റംസാന്‍ നമ്മെ പ്രാപ്തരാക്കണം. വര്‍ണശബളമായ ഈ ലോകത്തിനപ്പുറം ഇല്ലായ്മകളുടെ ചെളിക്കുണ്ടുകളുണ്ടെന്ന് സമൂഹം വിസ്മരിക്കുകയോ അത്തരമൊരു മറവിയിലേക്ക് സ്വയം രക്ഷപ്പെടുകയോ ചെയ്യുകയാണ്. ഇച്ഛകളെ തിരസ്‌കരിക്കാനുള്ള മനസ്സാണ് ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്. ശരീരം ആവശ്യപ്പെടുന്നതിന് വഴങ്ങിക്കൊടുക്കില്ലെന്ന പ്രഖ്യാപനമാണത്. പാവപ്പെട്ടവരും നിരാലംബരുമായ ലക്ഷക്കണക്കിന് മനുഷ്യര്‍ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ടെന്ന ചിന്ത വിശപ്പനുഭവിക്കുന്നതിലൂടെ മനുഷ്യനുണ്ടാകുന്നു. അതുമൂലം ഒരുസാമൂഹികബോധം അവനറിയാതെ അവന്റെ മനസ്സിലേക്ക് വരികയും വിശപ്പനുഭവിക്കുന്നവന്റെ മാനസിക സ്ഥിതി മനസ്സിലാക്കാന്‍ അതുമൂലം അവന് സാധിക്കുകയും ചെയ്യുന്നു.
No comments:
Post a Comment