DOWNLOAD PDF
പുണ്യങ്ങളുടെ പൂക്കാലം വിശുദ്ധ റമദാന്‍ സമാഗതമായിരിക്കുന്നു. വിശ്വാസി ഹൃദയങ്ങളില്‍ ആത്മീയതയുടെ പുത്തനുണര്‍വ് നല്‍കി നാടും വീടും റമദാനിന് സ്വാഗതമോതി. പവിത്രമായ റജബിലേയും ശഅ്ബാനിലേയും ഹൃദയം തൊട്ട പ്രാര്‍ഥനകള്‍ നാഥന്‍ സ്വീകരിച്ചു, അല്‍ഹംദുലില്ലാഹ്. റജബും ശഅ്ബാനും വിശ്വാസി മനസുകളെ റമദാനിനെ വരവേല്‍ക്കാന്‍ പാകപ്പെടുത്തുകയായിരുന്നു. എണ്ണിയാലും എഴുതിയാലും തീരാത്തത്ര പവിത്രതകള്‍ റമദാനിനെ ഏറെ മഹത്തരമാക്കുന്നുണ്ട്. യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ റമദാന്‍ ആത്മീയ നിര്‍വൃതിയുടെ വസന്തമാണ്. നാഥന്റെ കല്‍പ്പനകളും വിധിവിലക്കുകളും വളരെ സൂക്ഷ്മമായി ജീവിതത്തില്‍ പകര്‍ത്താനും ശീലിക്കാനും മനസും ശരീരവും സജ്ജമാക്കുന്നു.
ഓ സത്യവിശ്വാസികളെ, മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങളുടെ മേലും നാം നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാവാന്‍ വേണ്ടിയാണിത്.
വിശുദ്ധ റമദാന്‍ സമാഗതമാവുന്നതോടെ ഒരു വിശ്വാസി തന്റെ ശരീരത്തിന്റേയും മനസിന്റേയും ആഗ്രഹങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയും കൂലിയും ആഗ്രഹിച്ച് നിയന്ത്രിക്കാന്‍ തയാറാവുന്നു. സ്‌നേഹനിധിയും സുന്ദരിയുമായ തന്റെ ഭാര്യ അരികിലുണ്ടാവുമ്പോഴും അവരോട് വൈവാഹിക ബന്ധത്തിലേര്‍പ്പെടാനോ അതിനെകുറിച്ച് ചിന്തിക്കാനോ നോമ്പ്കാരനായ ആള്‍ തയാറാവാത്തത് ‘തഖ്‌വ’യുള്ളവരാവാന്‍ വേണ്ടിയെന്ന വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനയെ അര്‍ത്ഥ സമ്പൂര്‍ണമാക്കുന്നതാണ്. ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങളും ശരീരമാഗ്രഹിക്കുന്ന മറ്റ് കാര്യങ്ങളും സുലഭമായി ലഭിക്കുമ്പോഴും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ശരീരത്തെ വഴക്കിയെടുക്കാന്‍ വിശ്വാസി ശ്രമിക്കുന്നു എന്നത് ഏറെ മഹത്തരമാണ്. പിടിച്ച് വയ്ക്കുക, തടഞ്ഞ് നിര്‍ത്തുക എന്നീ അര്‍ഥങ്ങളുള്ള സൗമ് എന്ന അറബി പദത്തില്‍ നിന്നാണ് സ്വിയാം, നോമ്പ് എന്ന വാക്ക് വന്നത്. നോമ്പിന്റെ അര്‍ത്ഥ വിശാലത ഈ പദം തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ഐഹികവും പാരത്രീകവും ആത്മീയവും ശാരീരികവും വ്യക്തിപരവുമായ നേട്ടങ്ങള്‍ക്ക് ഏറെ ഗുണകരമാണ് വിശുദ്ധ റമദാനിന്റെ ഓരോ ദിനങ്ങളും. മനസിന്റെ തിന്മ പ്രേരകമായ ശക്തിയെ മെരുക്കാനും നിയന്ത്രിക്കാനും മനുഷ്യ മനസില്‍ ദയയും സഹാനുഭൂതിയും വര്‍ധിപ്പിക്കാനും നോമ്പ് കാരണമാവുന്നു.
ലോക ജനതക്ക് വഴികാട്ടിയായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്ന നിലക്ക് റമദാനിന്റെ പവിത്രത ഏറെ മഹത്തരമാവുന്നുണ്ട്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ടതയുള്ള ലൈലത്തുല്‍ ഖദ്‌റും റമദാനിന്റെ ദിനരാത്രങ്ങളെ ധന്യമാക്കുന്നുണ്ട്. പ്രപഞ്ചനാഥനുമായി എറ്റവും കൂടുതല്‍ അടുക്കാനുള്ള നല്ല അവസരമാണ് റമദാന്‍ വിശ്വാസിക്ക് സമ്മാനിക്കുന്നത്. പൂര്‍ണ ആരോഗ്യത്തോടെ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാന്‍ നമുക്ക് സാധിച്ചു എന്നത് അല്ലാഹു നല്‍കിയ അനുഗ്രഹമായി കാണണം. പുണ്യ റമദാന്‍ സമാഗതമാവുകയും പാപം പൊറുക്കപ്പെടാതിരിക്കുകയും ചെയ്തവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്നും വിദൂരമാക്കപ്പെട്ടവനാണെന്ന പ്രവാചക വചനം അതീവ ഗൗരവത്തോടെ നാം ചിന്തിക്കേണ്ടതുണ്ട്.
No comments:
Post a Comment