ഹസ്രത്ത് ആഇശ (റ) : عائشة أم المؤمنين - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, January 9, 2020

ഹസ്രത്ത് ആഇശ (റ) : عائشة أم المؤمنين

നബി ചരിത്രങ്ങളുടെ ചരിത്രം

പരസ്പരം തമാശകൾ പറഞ്ഞിരുന്ന, വീട്ടുജോലികളിൽ കൂട്ടുകൂടിയിരുന്ന, കഥകൾ പറഞ്ഞു കൊടുത്തിരുന്ന, കൈകളിൽ താടി ചേർത്ത്‌ വെച്ച്‌ കളികൾ കണ്ടിരുന്ന, ഓട്ടമൽസരം നടത്തിയിരുന്ന പ്രണയവും ജീവസ്സും ഉറ്റ സുന്ദര ദാമ്പത്യം - അതിനിടയിൽ ദൈവിക വിജ്ഞാനം വാരിക്കുടിക്കുന്നൊരു ബുദ്ധിമതിയായ പഠിതാവും കൂടിയായി ആയിഷ ബീവി(റ).
മറ്റു ഭാര്യമാരുടെ സന്ദേശവുമായി വീട്ടിലേക്കു വന്ന പ്രിയപ്പെട്ട പുത്രി ഫാത്തിമയോട് അവിടുന്ന് പറഞ്ഞത് "അല്ലയോ ഫാത്തിമാ, എന്റെ ഇഷ്ടങ്ങൾ എല്ലാം നിന്റെയും ഇഷ്ടമാണല്ലോ, അപ്പോൾ നീ ഈ പെണ്ണിനെ (ആയിഷാ ബീവിയെ) സ്നേഹിക്കുക" എന്നായിരുന്നു. സ്ത്രീകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് എന്ന ചോദ്യത്തിന് അവിടുന്ന് മറുപടി പറഞ്ഞത് "ആയിഷ" എന്നായിരുന്നു. പുരുഷന്മാരിൽ ആരോടാണ് ഇഷ്ടം എന്ന ചോദ്യത്തിനും ആയിഷ ബീവിയുടെ പേര് ചേർത്ത് "ആയിഷയുടെ വാപ്പയെ(അബൂബക്കർ(റ)" എന്നായിരുന്നു അവിടുന്ന് പറഞ്ഞത്. എത്ര ഉദാത്തമായ സ്നേഹം..!
പുണ്യനബി(സ്വ) തങ്ങൾ എന്ന പൂനിലാവിന്റെ ശോഭയുള്ള ജീവിതം സഹസ്രക്കണക്കിനു വർഷം കഴിഞ്ഞുള്ള ജനത്തിനും മാതൃകയായി പകർന്നു നൽകാനുള്ള നിയോഗമായിരുന്നു ബീവിക്ക്. കവിതയും ഫിഖ്ഹും വിശുദ്ധ വേദവും അറബികളുടെ തരവാടുകളെ കുറിച്ചുള്ള വിവരങ്ങളും എല്ലാമെല്ലാം അവിടുത്തെ കൂടെയുള്ള പത്തോളം വര്ഷത്തെ ജീവിതം കൊണ്ട് മഹതി കരസ്ഥമാക്കി. സ്നേഹമയിയായ, മറ്റു ഭാര്യമാരേക്കാൾ തനിക്ക് വേണം തിരുനബിയെ എന്ന സാധാരണ സ്ത്രീകളുടെ അനുവദനീയമായ സ്വാർത്ഥത വെച്ചു പുലർത്തുന്ന, അവിടുത്തേക്ക്‌ വേണ്ടി എന്തിനും എങ്ങനെയും തയ്യാറായിരുന്ന, അവിടുത്തോട്‌ ഭാര്യയെന്ന നിലക്കുള്ള സാധാരണ മനുഷ്യ ജീവിതത്തിന്റെ എല്ലാ അധികാരങ്ങളും പുലർത്തി തമാശയും പിണക്കവും എല്ലാമെല്ലാം ഉള്ള മാതൃകാ യോഗ്യമായ ജീവിതം ആ മഹതി സാധിച്ചു.
രണ്ടായിരത്തിൽ പരം തിരുവചനങ്ങൾ ആ വിശ്വാസികളുടെ മാതാവ് ലോകത്തിന് നൽകി. നാല് ഖലീഫമാരുടെ കാലത്തും ശേഷവും ജീവിച്ചു സമൂഹത്തിനാകമാനം തിരുനബിയിൽ നിന്നുള്ള സത്യദീനിന്റെ വിജ്ഞാനം വാരിവിതറി. അല്ലാഹുവിന്റെ തീരുമാനം കൃത്യമായി പുലർന്നു. ബുദ്ധി ശക്തിയിലും ഓർമ്മ ശക്തിയിലും ഗ്രാഹ്യ ശേഷിയിലും അസാധാരണ കഴിവ് പ്രകടമാക്കിയ ആ കുട്ടിയുടെ യുവത്വത്തിന്റെ തിളങ്ങുന്ന കാലത്ത് അതെല്ലാം പഠിച്ചെടുക്കുക എളുപ്പമാണ് എന്നത് തന്നെയായിരുന്നു ആ സംവിധാനത്തിന്റെ രഹസ്യം..
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സമയം ഏതെന്ന് പറയാൻ ഒരു സ്വഹാബി വന്ന് മഹതിയോടു ചോദിച്ചപ്പോൾ ഒരൽപ്പ നേരത്തെ ആലോചനക്ക് ശേഷം ബീവി പറഞ്ഞു: "ഇന്നത്തെ രാത്രി എന്റെ നാഥനുള്ള ഇബാദത്തിനായി എന്നെ ഒഴിവാക്കി തരണം" എന്ന് തിരുനബി തങ്ങൾ ഒരിക്കൽ എന്നോട് ആവശ്യപ്പെട്ടു. "അങ്ങയോടൊപ്പമായിരിക്കുന്നതിനെ ഞാൻ വളരെ ഏറെ ഇഷ്ടപ്പെടുന്നു എങ്കിലും അങ്ങേക്ക് ഇഷ്ടമുള്ളതും അങ്ങയെ പ്രീതിപ്പെടുത്തുന്നതുമായ എന്തിനെയും ഞാൻ ഇഷ്ടപ്പെടുന്നു" എന്ന് മറുപടി പറഞ്ഞു.
നോക്കൂ ഇളം പ്രായത്തിലെ ഭാര്യയും സാധാരണ മനുഷ്യരുടെ കാര്യത്തിൽ വൃദ്ധരുടെ പ്രായത്തിലെത്തിയ ഒരു ഭർത്താവും തമ്മിലുള്ള മാനസ്സിണക്കാമില്ലാത്ത ജീവിതമല്ല, മറിച്ചു തന്റെ ഇഷ്ടം മുഴുക്കെ തന്റെ ഭർത്താവിനോടൊപ്പം ആയിരിക്കലാണ് എന്നും അതോടൊപ്പം തന്നെ ഇണയായ തിരുനബി തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും തനിക്കും ഇഷ്ടമാണെന്നും കൂടെ വെളിപ്പുടുത്തുകയാണ് ബീവി. ഹാ, എത്ര സ്നേഹമയിയായ ഭാര്യ...!
കാലം കണ്ട വിശുദ്ധ ദാമ്പത്യത്തിന്റെ ഏടുകളിൽ ഏറ്റവും സന്തോഷമുള്ള ജീവിതം നയിച്ച ഇണകളിൽ ആയിഷ ബീവിയുടെ തിരുനബിയോടൊപ്പം ഉള്ള ജീവിതം പ്രഥമ സ്ഥാനത്ത് തന്നെ വരും - കാരണം ആ ജീവിതം ലോകത്തിന്റെ വരും കാല ക്രമത്തിലും കറക്കത്തിലും തന്നെ സാരമായ വ്യതിയാനം വരുത്താൻ തന്നെ കാരണമായ കൂടിച്ചേരലായിരുന്നു

1 comment: