ഞാനിതാ മദീനയിലേക്ക് തിരിഞ്ഞിരിക്കുന്നു.എന്റെ പ്രായവും നരയും വൈതരാണികളല്ല .ഹര്‍ഷാരവത്തോടെ പ്രണയ ഗീതങ്ങളിതാ ഞാന്‍ പാടുന്നു.പകല്‍ മുഴുവന്‍ ആകാശത്തില്‍ ചിറകടിച്ചലഞ്ഞ പക്ഷിയെപ്പോലെയാണ് ഞാന്‍ .പകലോന്‍ മറഞ്ഞിരിക്കുന്നു.ആ പക്ഷിയിതാ തളര്‍ന്ന ചിറകുമായി കൂട് തേടി പറക്കുന്നു.തന്റെ അഭയ കേന്ദ്രത്തില്‍ അത് രാപ്പാര്‍ക്കുന്നു .
---അല്ലാമാ ഇഖ്‌ബാല്‍
വിശ്വാസത്തിന്റെ പൂര്‍ണത തിരുനബി(സ്വ)യോടുള്ള സ്‌നേഹമാണ്. അനുചരന്‍മാര്‍ അതിനുവേണ്ടി മത്സരിച്ചു.
അബൂസുഫ്‌യാന്‍ (റ) ഇസ്്‌ലാം ആശ്ലേഷിക്കുന്നതിന് മുന്‍പ് പറയുന്നുണ്ട്: ‘മുഹമ്മദിനെ (സ്വ) അനുയായികള്‍ സ്‌നേഹിക്കുന്നത്‌പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ തൂക്കുമരത്തില്‍ ശത്രുസേനയുടെ ക്രൂരതക്ക് ഇരയായി രക്തസാക്ഷിത്വം വരിക്കുകയാണ് സയ്യിദുനാ ഖുബൈബ്(റ).
അപ്പോള്‍ ശത്രുസംഘം ചോദിക്കുന്നുണ്ട്, ഖുബൈബിനെ മോചിപ്പിക്കാം, പകരം മുഹമ്മദിനെ വിട്ടുതരാമോ? സ്വഹാബി സമ്മതമല്ലെന്നു മറുപടി മൊഴിഞ്ഞു. അവര്‍ അദ്ദേഹത്തിന്റെ വലതുകൈ ഛേദിച്ചു. പിന്നേയും ചോദിച്ചു. ചീത്ത വിളിക്കുകയെങ്കിലും ചെയ്യാമോ? ഖുബൈബ് (റ) പതറിയില്ല. അതോടെ അവര്‍ ഇടതുകരവും ഛേദിച്ചു.
ക്രൂരന്‍മാരായ ശത്രുസേന അദ്ദേഹത്തിന്റെ രണ്ടുകാലുകളും മുറിച്ചുകളഞ്ഞു. അവസാനം അവര്‍ ഇങ്ങനെ ചോദിച്ചു, ‘ഈ കഴുമരത്തില്‍ താങ്കള്‍ക്കു പകരം മുഹമ്മദാണെന്നു ഒന്നു സങ്കല്‍പിച്ചുകൂടേ?’ ഉടനെ ധീരനായ ഖുബൈബ് (റ)മറുപടി കൊടുത്തു, ‘ഇല്ല, പുണ്യനബി (സ്വ)യുടെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും സങ്കല്‍പിക്കാന്‍ എനിക്കു സാധ്യമല്ല’. ആ കഴുമരത്തില്‍ ധീരനായ അനുയായി രക്ഷസാക്ഷിത്വം വരിച്ചു. സ്വഹാബികളുടെ തിരുസ്‌നേഹത്തിന്റെ ഉദാഹരണങ്ങള്‍ എത്രയോ മഹത്തരമാണ്. ആ സ്‌നേഹവസന്തം ആസ്വദിക്കുവാനും മറ്റെല്ലാറ്റിനുമുപരി സ്‌നേഹിക്കാനും സാധിക്കുന്നവരാണ് മഹാഭാഗ്യശാലികള്‍.
അല്ലാഹു പറയുന്നു ‘സ്വന്തത്തില്‍ നിന്നുതന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടുത്തേക്ക് അസഹനീയമാണ്.
നിങ്ങളുടെ സന്‍മാര്‍ഗ പ്രാപ്തിയില്‍ അതീവ ഇച്ഛയും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടുന്ന്.(സൂറത്തുത്തൗബ 128)


No comments:
Post a Comment