സൂര്യതാപമേറ്റാൽ സമുദ്രജലം നീരാവിയായി വാനത്തേക്കുയരും. പിന്നെയത് മഴയായി കോരിച്ചൊരിയും. കല്ലിലും മണ്ണിലും മുള്ളിലും പൂവിലും വരമ്പിലും തോട്ടിലും വന്നുചേരും. നിർജീവതയിൽ നിന്ന് സജീവതയിലേക്ക് പതുക്കെ എത്തിനോക്കും. മരിച്ചുകിടന്നതിന് പുതുജീവൻ വെച്ചതുപോലെ പ്രകൃതി പച്ചപുതക്കും.
ഇതുപോലെ ഈമാൻ ജ്വലിച്ച് ചൂടാവുമ്പോഴാണ് മുഅ്മിനിന്റെ നാവിലൂടെ സ്വലാത്ത് ഉറവ പൊട്ടുന്നത്. വൈയക്തിക നേട്ടങ്ങൾക്കപ്പുറം സാമൂഹികമായും വലിയ നേട്ടമാണതു വരുത്തുക. പ്രവാചകരിൽ ഇഴുകിച്ചേർന്ന നന്മകളത്രയും ജനതയുടെ ജീവിതത്തിലാകമാനം വന്നുചേരും. അതുമുഖേന മൃതഹൃദയങ്ങൾ ജീവൻ വെച്ച് പൂത്തുലയും. അതുവഴി സാമ്പത്തിക-ശാരീരികാനന്ദങ്ങളും പുറമെ പരലോകത്തെ നിർഭയത്വവും ലഭിക്കുന്നു. മാനവജീവിതത്തിന്റെ അടിമുതൽ മുടിവരെ സ്വലാത്ത് കൊണ്ട് വിജയം വരിക്കാമെന്നർത്ഥം.
മനുഷ്യന്റെ നിലനിൽപ്പും വളർച്ചയും സ്വലാത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു പ്രത്യയശാസ്ത്രാനുയായികളുടെ നിലനിൽപ്പ് ആശയ പ്രബോധകനെ എല്ലാ നിലക്കും അംഗീകരിക്കൽ കൊണ്ട് മാത്രമാണ്. ഇസ്‌ലാമികാശയങ്ങൾ വളക്കൂറുള്ള മണ്ണിലും തരിശുഭൂമിലും വിതച്ച് ഒരുപോലെ വളർത്തിയെടുത്ത പ്രവാചകരുമായി ഓരോ വിശ്വാസിക്കും ആത്മസ്‌നേഹം വേണ്ടതുണ്ട്. പ്രവാചകർ ആവശ്യപ്പെടുന്നതും അതാണ്. അല്ലാതെ, ഭൗതികത വെച്ചുപുലർത്തുന്ന സ്‌നേഹമല്ല.
പ്രവാചകരോടുള്ള ആത്മബന്ധത്തിന്റെ ബഹിർസ്ഫുരണമാണ് സ്വലാത്ത്. ഇതിലൂടെ വിശ്വാസി രക്ഷിതാവിന്റെ കൽപ്പനയെ അംഗീകരിക്കുകയാണ്. അല്ലാഹുവും മാലാഖമാരും സ്വലാത്ത് നിർവഹിക്കുന്നു. നിങ്ങളും അതു ചെയ്തീടുവീൻ എന്നാണല്ലോ വേദവാക്യം.
No comments:
Post a Comment