മുസ്‌ലിമിന്റെ ജീവിതത്തിലെല്ലായിടത്തും ഒഴിച്ച് കൂടാനാവാത്ത ഘടകമായി പള്ളികള്‍ നിലകൊള്ളുന്നു. ഓരോ വ്യവഹാരത്തിലും അത് അവനോട് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. തങ്ങളുടെ ഇബാദത്തുകള്‍ നിര്‍വഹിക്കാനുള്ള ഇടം എന്നതിലപ്പുറം സാമൂഹികമായി സാമുദായിക ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രമായി പള്ളികള്‍ വര്‍ത്തിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാചകന്റെ അനുചരര്‍ ഇസ്‌ലാമിന്റെ പ്രചാരണം നടത്തിയത് പള്ളി കേന്ദ്രീകരിച്ചാണ്. ഇന്നും വിവിധ നഗരങ്ങളില്‍ സ്വഹാബികളുടെ നാമധേയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പള്ളി കാണാന്‍ സാധിക്കും. മാലിക്ബ്‌നു ദീനാറും കൂട്ടരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മിച്ചാണ് പ്രബോധനം നിര്‍വഹിച്ചത്. അതിനാല്‍ ഇസ്‌ലാമിന്റെ വ്യാപനം കൂടുതല്‍ പള്ളി കേന്ദ്രീകരിച്ചായിരുന്നുവെന്ന് മനസ്സിലാക്കാം.
നമ്മുടെ മുന്‍ഗാമികള്‍ക്ക് പള്ളി അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പഴയ പള്ളികളുടെ നിര്‍മാണരീതി പരിശോധിച്ചാല്‍ അത് അവരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസ്സിലാവും.
അകത്തേ പള്ളി എന്ന് പറയുന്ന പള്ളിയുടെ ഉള്‍ഭാഗം, പിന്നെയൊരു പുറത്തെ പള്ളി, അതിന്റെ ഇരു ഭാഗങ്ങളിലും ഓരോ ചെരു, മുന്‍ ഭാഗത്ത് വഖഫ് ചെയ്യപ്പെടാത്ത ഒരുകോലായ, പള്ളിക്കുളം, പൊതു ബാത്ത്‌റൂം ഇതായിരുന്നു ഒരു സാധാരണ രീതിയിലുള്ള പള്ളിയുടെ ഘടന. അതിനാല്‍ പാടത്തും പറമ്പത്തും ജോലി ചെയ്തിരുന്ന കര്‍ഷകരും മറ്റും ളുഹ്‌റ് നിസ്‌ക്കാര സമയത്ത് പണി നിര്‍ത്തി പള്ളിക്കുളത്തില്‍ നിന്ന് കുളിച്ച്, നിസ്‌കരിച്ച്, ചെരുവില്‍ അല്‍പം വിശ്രമിച്ച് വീണ്ടും പണിക്കിറങ്ങിയിരുന്ന ഒരു സമൂഹം അന്ന് നിലനിന്നിരുന്നു. മാത്രമല്ല വിവാഹമോചനം, കുടുംബതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങി സമൂഹത്തിന്റെ വിവിധപ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന കോടതിയായിരുന്നു പള്ളികള്‍.
നാട്ടിലെ പൗരപ്രമാണികളും കാരണവന്‍മാരും കൂടി വഖഫ് ചെയ്യപ്പെടാത്ത കോലായയില്‍ ഇരുന്ന് പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പ്പിക്കുകയും ഏകദേശം ധാരണയായാല്‍ പള്ളിയില്‍ കയറി ഫാത്തിഹ ഓതി ദുആ ചെയ്ത് സലാം പറഞ്ഞ് പിരിയുന്ന കാഴ്ച സാധാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സാധാരണ നാം ഉപയോഗിക്കാറുള്ള “പള്ളിയില്‍ പോയി പറ” എന്ന പ്രയോഗം തന്നെ നിലവില്‍ വന്നത്.(islamlokam.wordpress.com)

No comments:
Post a Comment