ഭക്ഷണദാനം പുണ്യദാനം
നബി(സ്വ) ഭക്ഷണദാനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ഒരാള്‍ വന്നു ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു. ഇസ്‌ലാമില്‍ ഏതാണുത്തമം? നബി(സ്വ) പറഞ്ഞു: ആളുകളെ ഭക്ഷിപ്പിക്കുക, എല്ലാവര്‍ക്കും സലാം പറയുക.
ഒരു കാരക്കയുടെ ചീള്‍ നല്‍കിയെങ്കിലും നരകാഗ്നിയില്‍നിന്നും രക്ഷപ്പെടുകയെന്നാണൊരിക്കല്‍ അവിടുന്ന് ഉദ്‌ഘോഷിച്ചത്.
മക്കയില്‍നിന്ന് മദീനയിലെത്തിയ പ്രവാചകന്‍ ആദ്യമായി മദീനക്കാരെ അഭിമുഖീകരിച്ച് പറഞ്ഞ വാക്കുകള്‍ ചരിത്രപ്രസിദ്ധമാണ്. ജനങ്ങളെ ഭക്ഷിപ്പിക്കുക, സലാം പ്രചരിപ്പിക്കുക, ബന്ധങ്ങള്‍ ചേര്‍ക്കുക, ജനങ്ങള്‍ ഉറക്കിലായിരിക്കെ നിങ്ങള്‍ നിസ്‌കരിക്കുക.
അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് സമ്പത്ത്. അതാസ്വദിച്ചു ഭൂമിയില്‍ ജീവിക്കുമ്പോള്‍ അത് ലഭിക്കാത്തവരുമായി ആ അനുഗ്രഹം പങ്കുവയ്‌ക്കേണ്ടത് അവന്റെ ബാധ്യതയാണ്. അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാവുകയും ആ അനുഗ്രഹം നീങ്ങിപ്പോകാന്‍ കാരണമാവുകയും ചെയ്യും.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള പങ്ക് വയ്പില്‍ പ്രാധാന്യം പറയുന്ന ഖുര്‍ആന്‍ വചനമിങ്ങനെ: കര്‍മപുസ്തകം ഇടതുകൈയില്‍ കിട്ടുന്നവര്‍ പറയുന്നു, കഷ്ടം! എനിക്കെന്റെ കര്‍മരേഖ കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്ക് ഞാന്‍ അറിയാതിരുന്നെങ്കില്‍! മരണത്തോടെ എല്ലാം കഴിഞ്ഞിരുന്നെങ്കില്‍! എന്റെ ധനം എനിക്ക് ഒട്ടും ഉപകരിച്ചില്ല. എന്റെ അധികാരം നശിച്ചുപോയി. അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും. അവനെ പിടിക്കൂ. കഴുത്തില്‍ ചങ്ങലയിടൂ… എന്നിട്ടവനെ നരകത്തിലെറിയൂ. പിന്നെ എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ. അവന്‍ ഉന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുഭാവമുള്ള ദുര്‍നീരുകള്‍ ഒലിച്ചുകൂടിയതില്‍ നിന്നല്ലാതെ ഒരു മിത്രവുമില്ല. അവന്ന് ആഹാരവുമില്ല. പാപികള്‍ മാത്രമെ അത് ഭക്ഷിക്കൂ. (അല്‍ഹാഖ 25-37)
ഭക്ഷണം അര്‍ഹരിലേക്കെത്തിക്കാതെ ധൂര്‍ത്തടിച്ച് പാഴാക്കികളയുന്നവരെ ശക്തമായി ഇസ്‌ലാം അപലപിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്നാണ് പ്രവാചകാധ്യാപനം. അഗതികളോടും അയല്‍വാസികളോടും പട്ടിണി കിടക്കുന്നവരോടുമുള്ള കടമകളില്‍ വീഴ്ച വരുത്തുന്നത് അല്ലാഹുവിനോടുള്ള ബാധ്യതാ ലംഘനമായാണ് പരിഗണിക്കപ്പെടുക. നബി(സ്വ) പറയുന്നു: അന്ത്യദിനത്തില്‍ അല്ലാഹു പറയും. ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല.
അപ്പോള്‍ ആ മനുഷ്യന്‍ ചോദിക്കും. എന്റെ റബ്ബേ, ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ? അപ്പോള്‍ അല്ലാഹു പറയും എന്റെ ഈ അടിമ രോഗിയായിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെയടുത്ത് നീ എന്നെ കാണുമായിരുന്നു. ഹേ മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ, നീ എനിക്ക് ഭക്ഷണം തന്നില്ല. ആ മനുഷ്യന്‍ പറയും. എന്റെ നാഥാ, നീ ലോകരക്ഷിതാവാണല്ലോ. ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും. അല്ലാഹു പറയും: ‘എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടു. എന്നിട്ട് നീ ആഹാരം കൊടുത്തില്ല.
നീ ആഹാരം കൊടുത്തിരുന്നുവെങ്കില്‍ അവന്റെയടുത്ത് എന്നെ നീ കാണുമായിരുന്നു.’ സ്രഷ്ടാവിലേക്കടുക്കാന്‍ സൃഷ്ടികളിലൂടെയാണ് സാധിക്കുക എന്നാണ് ഈ ഖുദ്്‌സിയ്യായ ഹദീസ് നല്‍കുന്ന പാഠം. വിഭവങ്ങളുടെ ദാരിദ്ര്യമല്ല അവയുടെ ആസൂത്രണമില്ലായ്മയാണ് ഇന്നത്തെ പ്രധാനപ്രശ്‌നം. പ്രജാതല്‍പരരായ ഭരണാധികാരികളുണ്ടെങ്കില്‍ കാര്യങ്ങള്‍ ഭംഗിയായി വരികതന്നെ ചെയ്യും. എല്ലാവര്‍ക്കും സുഭിക്ഷത വന്നത് മൂലം ദാനം സ്വീകരിക്കാന്‍ ആളില്ലാതിരുന്ന ഒരുകാലഘട്ടം ചരിത്രത്തിലുണ്ടായിരുന്നല്ലോ…(ഡോ. സലീം നദ്‌വി വെളിയമ്പ്ര 9946096476)
No comments:
Post a Comment