മനുഷ്യനെ അവന്റെ ഉണ്‍മയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഇമാം ഗസ്സാലിയിലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത.
ഇസ്‌ലാമികമായി, അദ്ദേഹം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവ് കൂടിയാണ്. ഓരോ നൂറ്റാണ്ടിനും ഓരോ പരിഷ്‌കര്‍ത്താക്കളെ അല്ലാഹു നിയോഗിക്കും എന്ന് അബൂ ദാവൂദ്, ഹാകിം, ബൈഹഖി എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. സമൂഹത്തില്‍ ശക്തമായി ഇടപെടുകയും സമൂഹത്തെ സമുദ്ധരിക്കുകയും ചെയ്ത പല വ്യക്തിത്വങ്ങളും ചരിത്രത്തില്‍ എല്ലാ കാലത്തുമുണ്ടായിട്ടുമുണ്ട്. പക്ഷേ ഇവരിലാരെയെങ്കിലും മുജദ്ദിദ് എന്നു വിളിക്കുമ്പോള്‍ പൊടുന്നനെ അതു വിവാദമായിത്തീരുന്നത് കാണാം. ഇക്കാര്യത്തില്‍ സമുദായത്തിന് ഒരു ഏകണ്ഠതയില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ ചരിത്രത്തില്‍ മൂന്നു മുജദ്ദിദുകളെകുറിച്ച് പൊതുവെ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ഒന്നാം നൂറ്റാണ്ടിലെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, രണ്ടാം നൂറ്റാണ്ടിലെ ഇമാം ശാഫി, അഞ്ചാം നൂറ്റാണ്ടിലെ ഇമാം ഗസ്സാലി എന്നിവരെ കുറിച്ചാണത്. മുജദ്ദിദ് എന്ന ആശയത്തെതന്നെ നിരാകരിക്കുന്നവരല്ലാത്തവരാരും ഇവരെ നിരാകരിക്കുന്നതായി കാണുന്നില്ല. ഇമാം ഗസ്സാലി(റ)യുടെ ഒരു വ്യതിരിക്തത കൂടിയാണിത്.
അക്കാദമിക നിരീക്ഷണത്തില്‍ ഇമാം ഗസ്സാലിയെ വേറിട്ടടയാളപ്പെടുത്തുന്ന ഘടകം അദ്ദേഹത്തിന്റെ ജീവിത നിറവാണ്. തന്റെ കാലം കടന്നുപോയ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഇസ്‌ലാമികമെന്ന് വര്‍ഗീകരിക്കാവുന്ന ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവ മുതല്‍ തികച്ചും ഭൗതികമായ ഫിലോസഫി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും കവിത, സാഹിത്യം, തര്‍ക്കശാസ്ത്രം തുടങ്ങിയ ഭാഷാശാസ്ത്രങ്ങളിലുംവരെ അദ്ദേഹം ആ കാലത്തിന്റെ ഏറ്റവും മുമ്പില്‍നിന്നു. അക്കാലത്തെ മിടുക്കന്മാരുടെ മാത്രം വേദികളായിരുന്ന ബഗ്ദാദിലെ രാജദര്‍ബാറുകളുടെ ഏറ്റവും വലിയ പുളകവും വികാരവും ശ്രദ്ധാകേന്ദ്രവും ഇമാം ഗസ്സാലിയായിരുന്നു. നിശാപൂരിലെ നിസാമിയ്യ മദ്‌റസയില്‍ ഇമാം ഹറമൈനിയുടെ കീഴില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ‘അല്‍ മന്‍ഖൂല്‍’ എന്ന ഫിഖ്ഹ് നിദാന ശാസ്ത്ര ഗ്രന്ഥമെഴുതി അല്‍ഭുതം സൃഷ്ടിച്ചു. ഗ്രന്ഥത്തിന്റെ സംശോധന കഴിഞ്ഞ് തലയുയര്‍ത്തിയ ഇമാം ഹറമൈനി ശിഷ്യനെ വിശേഷിപ്പിച്ചത് അറിവിന്റെ നിറസാഗരം എന്നായിരുന്നു. ആ അറിവിനു ലഭിച്ച മറ്റൊരംഗീകരാമായിരുന്നു,
ആധുനിക യുഗം വരേ നീളുന്ന കാലത്ത് ലോകത്തിന്റെ എല്ലാ വിഭാഗത്തിന്റെയും ബഹുമാനവും ആദരവും നേടി എന്നത് ഇമാം ഗസ്സാലിയുടെ മറ്റൊരു നിറവാണ്. ആശയപരമായി നേരെ എതിര്‍വശത്ത് നില്‍ക്കുന്ന ജൂത-ക്രൈസ്തവ പണ്ഡിതര്‍ വരെ ഇമാം ഗസ്സാലിയെ ബഹുമാനത്തോടെ ഉള്‍ക്കൊള്ളുന്നു. ആ വിയോഗം കഴിഞ്ഞ് നാല്‍പതു വര്‍ഷം പിന്നിടും മുമ്പെ അദ്ദേഹത്തിന്റെ ചിന്തകളും ചില കൃതികളും ലാറ്റിനിലേക്കും ഹിബ്രുവിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ജൂത-ക്രൈസ്തവരുടെ മതഭാഷാ മാധ്യമമായിരുന്ന ഈ ഭാഷകളിലേക്ക് ഗസ്സാലിയന്‍ ചിന്തകള്‍ മൊഴിമാറ്റപ്പെട്ടത് ഈ സ്വാധീനത്തിന്റെ ശക്തി കാണിക്കുന്നു. യൂറോപ്പിലാവട്ടെ അവര്‍ അല്‍ഗസല്‍ എന്നു വിളിക്കുന്ന ഗസ്സാലി ചിന്തയുടെ ആഘോഷമാണ്. പാസ്‌ക്കല്‍, സര്‍ തോമസ് ആര്‍നോള്‍ഡ്, ആല്‍ഫ്രഡ് ഗില്ലോം തുടങ്ങിയവര്‍ മുതല്‍ ഇമ്മാനുവല്‍ കാന്റ് വരെയുള്ളവര്‍ ഗസ്സാലിയന്‍ ചിന്തകള്‍ യൂറോപ്പിനു കൈമാറിയവരാണ്. യൂറോപ്പിന്റെ ആ അനുധാവനത്തിന്റെ ഏറ്റവും ഒടുവിലെ ദൃശ്യമാണ് ഒവീഡിയോ സലാസര്‍ സംവിധാനം ചെയ്ത ‘അല്‍ ഗസ്സാലി: ദ ആല്‍കെമിസ്റ്റ് ഓഫ് ഹാപ്പിനസ്’ എന്ന ഡോക്യൂമെന്ററി. ലക്ഷക്കണക്കിനുപേര്‍ ഇതു കണ്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ ‘അയ്യുഹല്‍ വലദ്’ മുതല്‍ ‘ഇഹ്‌യാ’ വരേയുള്ള ഗ്രന്ഥങ്ങള്‍ ലോകത്തിലെ ഒട്ടുമിക്ക ഇസ്‌ലാമിക പാഠശാലകളിലും പഠിപ്പിക്കപ്പെടുന്നു എന്നതുകൂടി ഈ നിറവിലേക്ക് ചേര്‍ത്തുവെക്കാം. ഈ നിറവും തികവും ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ മനസ്സുകളില്‍ ഇമാം ഗസ്സാലി എന്ന ചിന്തയെ നനച്ചുനിര്‍ത്തുന്നു. (ടി.എച്ച് ദാരിമി)
No comments:
Post a Comment