സാമ്പത്തിക ശാസ്ത്രത്തിന് അറബി ഭാഷയില്‍ ഇല്‍മുല്‍ ഇഖ്തിസ്വാദ് എന്നാണ് പേര്‍. ഗ്രീക്ക് ഭാഷയിലെ OIKONOMOS എന്ന ശബ്ദത്തിന്റെ അറബീ പ്രയോഗമാണ് 'ഇഖ്തിസ്വാദ്' എന്ന പദം. ഗ്രീക്ക് ഭാഷയില്‍ മേല്‍പറഞ്ഞ ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം ഗൃഹകാര്യങ്ങളുടെ നിയന്ത്രണം എന്നാണ്. പിന്നീട്, ഇക്കോണമി എന്ന പദം ഈ അര്‍ത്ഥത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
ഗൃഹകാര്യങ്ങളിലോ, നഗര കാര്യങ്ങളിലോ ഒതുങ്ങി നില്‍ക്കാതെ മൊത്തമായി സാമ്പത്തികമായ നിയന്ത്രണം, ആസൂത്രണം എന്ന വ്യാപകമായ അര്‍ത്ഥമാണ് ഇക്കോണമി എന്ന ശബ്ദത്തിനുള്ളത്. അത് ഇന്ന് ഒരു പ്രത്യേക ശാസ്ത്രമായി രൂപം കൊള്ളുകയും ചെയ്തു.
അറബി ഭാഷയിലെ ഇഖ്തിസ്വാദ് എന്ന ശബ്ദവും പുത്തനല്ല. റസൂലുല്ലാഹി(സ)യുടെ തിരുവചനങ്ങളില്‍പോലും അത് പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഇഖ്തിസ്വാദ് എന്നതിന്റെ ആശയം നടപ്പിലാക്കിയവന്‍ തന്റെ കുടുംബകാര്യങ്ങളുടെ ഭാരം നിമിത്തം കഷ്ടത്തിലാവുകയില്ല എന്നാണ് അതിലൊരു വചനത്തിന്റെ വിവക്ഷ. ചിലവാക്കുന്ന കാര്യത്തില്‍ സമനില പുലര്‍ത്തുക, ലുബ്ധതയോ, ധൂര്‍ത്തോ അല്ലാത്ത മദ്ധ്യമായ നില അവലംഭിക്കുക എന്നൊക്കെയാണ് ഇഖ്തിസ്വാദ് എന്നതിന്റെ അര്‍ത്ഥം.
സാമ്പത്തിക കാര്യത്തിലുള്ള ഉത്തമമായ ആസൂത്രണം എന്ന് 'ഇക്കോണമി' അഥവാ 'ഇഖ്തിസാദ്' എന്നതിനെ നമുക്ക് ചുരുക്കി നിര്‍വ്വചിക്കാം. ഒരു പൗരാണിക അറബി പറഞ്ഞു: നന്നായി കൈകാര്യം ചെയ്യുകയാണെങ്കില്‍ അല്‍പമായ ധനവും നിലനില്‍ക്കുന്നതാണ്. ക്രമക്കേടുണ്ടായാല്‍ അധികമായ ധനവും നശിച്ചുപോകുന്നതാണ്. ഈ മൊഴി വ്യക്തമാക്കുന്ന ആശയത്തെ വിശുദ്ധ ഖുര്‍ആന്‍ സുന്ദരമായ ശൈലിയില്‍ പ്രതിപാദിക്കുന്നത് കാണുക: 'ധനവ്യയം ചെയ്യുമ്പോള്‍ ധൂര്‍ത്തടിക്കുകയോ, ലുബ്ധത കാട്ടുകയോ ചെയ്യാതെ അവക്കിടയില്‍ സമനില പുലര്‍ത്തുന്നവരാണ് അവര്‍' (അല്‍ഫുര്‍ഖാന്‍: 67).(ഖാദി സി.എം. അബ്ദുല്ല മൗലവി - ഇസ്‌ലാംഓൺവെബ്.net)
No comments:
Post a Comment