എന്തുകൊണ്ടായിരിക്കാം മൗലിദ് കൃതികള്‍ നമ്മുടെ നാട്ടിലിങ്ങനെ വ്യാപകമായത്? ഓരോ മൗലിദുകള്‍ക്കും സാഹിതീയ മൂല്യങ്ങള്‍ക്കപ്പുറം സാമൂഹികമായ ഒരു പശ്ചാത്തലവും ബന്ധവുമുണ്ട് എന്നതാണതിന്റെ ഉത്തരം. വസൂരിയെന്ന സാംക്രമിക രോഗം മലബാറില്‍ ഭീതി പരത്തിയ ഘട്ടത്തിലാണല്ലോ, അതിനുള്ള ആത്മീയ പരിഹാരം എന്നനിലക്ക്
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൗലിദ് രചിക്കപ്പെടുന്നത്. സമൂഹത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ഇതുപോലെ മൗലിദുകളോരോന്നും രചന നിര്‍വ്വഹിക്കപ്പെടുന്നത്. കേരളത്തിലെ മുസ്ലിം നവോത്ഥാനം സാമൂഹികവും ജനകീയവുമാകുന്നതിന്റെ കാരണവും മറ്റൊന്നാവാന്‍ തരമില്ല. ഏറനാട്ടുകാരനായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ തഅജീലുല്‍ ഫുതൂഹ് എന്ന മൗലിദ് കൃതി നമ്മുടെ ചരിത്രവായനയില്‍ ഈയര്‍ത്ഥത്തിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതാണ്.എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഈ കൃതി ഏറനാടന്‍ ജനതയുടെ ആത്മീയ മേല്‍വിലാസത്തിന്റെയും സാംസ്‌കാരിക ആസ്തിയുടെയും മികച്ച രചനാസാക്ഷ്യമാണെന്നതില്‍ സംശയവുമില്ല. കേരളത്തിലെ മൗലിദുകളെയും അറബികൃതികളെയും ക്രമപ്പെടുത്തുന്ന കൂട്ടത്തില്‍ മരക്കാരുട്ടി മുസ്ലിയാരെയോ അദ്ദേഹത്തിന്റെ രചനകളെയോ ആരും രേഖപ്പെടുത്താറില്ലെന്നതാണ് വസ്തുത.


No comments:
Post a Comment