

നിർബന്ധമല്ലാത്ത നിസ്‌കാരങ്ങൾ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. തിരുനബി(സ്വ) പതിവായി അനുഷ്ഠിച്ചിരുന്നതായി ഹദീസുകൡ നിവേദനം ചെയ്യപ്പെട്ടവയാണ് ഒന്ന്. റവാത്തിബ്, ളുഹാ, വിത്‌റ്, തഹജ്ജുദ് പോലുള്ളവ. ഹദീസിൽ വന്നതാണെങ്കിലും സാധാരണ അനുഷ്ഠിക്കുന്നതായി ഉദ്ധരിക്കപ്പെടാത്തതാണ് രണ്ടാമത്തേത്. ആഴ്ചയിലും പകലിലും രാത്രിയിലുമായി നിർവഹിക്കേണ്ട വിവിധ നിസ്‌കാരങ്ങൾ, വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴും തിരികെയെത്തുമ്പോഴുമുള്ള നിസ്‌കാരം മുതലായവ. ഹദീസിൽ വന്നിട്ടില്ലെങ്കിലും അല്ലാഹുവുമായുള്ള സംഭാഷണത്തിന് ആഗ്രഹിച്ച് കൊണ്ടുള്ള നിസ്‌കാരങ്ങൾ. ഇതാണ് മൂന്നാമത്തേത്. നിരുപാധിക നിസ്‌കാരങ്ങൾ (സ്വലാത്ത് മുത്വ്‌ലഖ്) എന്ന് ഇതിന് പറയുന്നു. ഇവ മൂന്നിനും പ്രതേ്യക നാമങ്ങൾ ഉണ്ടെങ്കിലും ‘നവാഫിൽ’ എന്നാണ് മൊത്തത്തിൽ കർമ ശാസ്ത്രം പരിചയപ്പെടുത്തുന്നത്. നിർബന്ധ നിർദേശത്തിനപ്പുറം അധികമായി ചെയ്യുന്നത് എന്നാണ് നവാഫിലിന്റെ താല്പര്യം. കാരണബന്ധിതവും സമയബന്ധിതവുമായി തരംതിരിക്കപ്പെട്ട സുന്നത്ത് നിസ്‌കാരങ്ങൾക്ക് വലിയ മഹത്ത്വമാണുള്ളത്. ഇവയിൽ എല്ലാ ദിവസത്തിലും ആവർത്തിച്ച് വരുന്നവയുണ്ട്. അഞ്ച് റവാത്തിബുകൾ, ളുഹാ, ഇശാ-മഗ്‌രിബിനിടയിലെ നിസ്‌കാരം, തഹജ്ജുദ് എന്നിവയാണത്.
No comments:
Post a Comment