ഖലീഫ ഉമറുബ്‌നു അബ്ദുൽ അസീസ്(റ)വിന്റെ വുളൂഅ് ചെയ്യാനുള്ള ചൂടുവെള്ളം പാത്രത്തിലാക്കി കൊണ്ടുവന്നിരുന്നത് മുസാഹിം എന്ന പരിചാരകനായിരുന്നു. ഒരിക്കൽ ഖലീഫ അവനോട് ചോദിച്ചു: ”മുസ്‌ലിംകളുടെ പൊതു അടുക്കളയിൽ പോയിട്ടാണോ നീ ഈ പാത്രത്തിൽ വെള്ളം ചൂടാക്കിക്കൊണ്ടുവരുന്നത്?” പരിചാരകൻ മറുപടി പറഞ്ഞു: ‘അതെ, അല്ലാഹു നിങ്ങൾക്ക് നന്മ വരുത്തട്ടെ.” ഇത് കേട്ട മാത്രയിൽ ഖലീഫ ഭയവിഹ്വലനായി പറഞ്ഞു: ”ഇത്രയും കാലം ആ വെള്ളം എന്റെ കാര്യത്തിൽ നീ നശിപ്പിച്ചുകളഞ്ഞല്ലോ?” ഉടനെ തന്നെ മുസാഹിമിനോട് ആ പാത്രത്തിൽ വെള്ളം നിറച്ച് തിളപ്പിക്കാനും അതിന് എത്ര വിറക് വരുമെന്ന് കണക്കാക്കാനും ഖലീഫ ഉത്തരവിട്ടു. എന്നിട്ട് മുസ്‌ലിംകളുടെ പൊതു അടുക്കളയിൽനിന്ന് ആ പാത്രത്തിൽ വെള്ളം തിളപ്പിച്ച ദിവസത്തിന്റെ കണക്കനുസരിച്ച് അവിടേക്ക് വിറക് തിരിച്ചെത്തിക്കാൻ അദ്ദേഹം നടപടി സ്വീകരിക്കുകയുണ്ടായി
മഹാൻ വിടവാങ്ങുമ്പോൾ വെറും 17 ദീനാറായിരുന്നു അനന്തര സ്വത്ത്. അതിൽ അഞ്ച് ദീനാർ കഫൻപുടക്കും രണ്ട് ദീനാർ ഖബ്‌റിനും കഴിച്ച് ബാക്കി പത്ത് ദീനാർ പതിനൊന്ന് മക്കൾക്ക് വീതം വയ്‌ക്കേണ്ടിവന്ന കരളലയിപ്പിക്കുന്ന വിടവാങ്ങലായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരം കൈയിൽ വന്നതോടെ പരമദരിദ്രനായി ജീവിച്ച അദ്ദേഹം ഒരു കുല മുന്തിരി വാങ്ങാനുള്ള പണം പോലും കൈയിലില്ലാതെ അതിനുള്ള തന്റെ ആഗ്രഹം ഭാര്യയോട് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികൾ ഇന്നും മലയാളിയുടെ നാവിലുണ്ട്.
”ഉണ്ടോ സഖീ ഒരു കുല മുന്തിരി
വാങ്ങിടുവാനായ് നാലണ കൈയിൽ.
ഉണ്ട് പ്രിയേ ഖൽബിലൊരാശ
മുന്തിരി തിന്നിടുവാൻ…
അങ്ങാര് എന്നറിയില്ലേ
അങ്ങീ നാട്ടിലെ രാജാവല്ലേ
അങ്ങ് വെറും നാലണയില്ലാ
യാചകനാണെന്നോ…
പ്രാണസഖീ നന്നായറിയാം,
ഞാനിന്നാട്ടിലമീറാണെന്ന്..
എന്നാലും എന്റേതായൊരു
ദിർഹമുമില്ല പ്രിയേ…”
No comments:
Post a Comment