ഏഴു സൂക്തങ്ങള്‍ മാത്രമേ ഇതിലുള്ളുവെങ്കിലും അനന്തമായ അര്‍ഥസാരങ്ങള്‍ ഫാതിഹ ഉള്‍ക്കൊള്ളുന്നുണ്ട്. ഖുര്‍ആനിന്റെ ആദ്യന്തമുള്ള അന്തസ്സത്തയും രത്‌നസംഗ്രഹവുമാണിത്. വിശ്വാസം, കര്‍മം, നിയമനിര്‍മാണം, പാരത്രികവിശ്വാസം, അല്ലാഹുവിന്റെ വിശേഷണങ്ങളിലുള്ള വിശ്വാസം, ഋജുവായ പന്ഥാവിന്റെയും വിജയത്തിന്റെയും ലബ്ധിക്ക് അല്ലാഹുവിനെ ലക്ഷ്യം വെക്കല്‍, വിശ്വാസത്തിന്റെയും സല്‍പന്ഥാവിന്റെയും സുസ്ഥിരതക്ക് അല്ലാഹുവിനോട് താഴ്മയോടെ അപേക്ഷിക്കല്‍, ദുര്‍മാര്‍ഗികളും ദൈവികക്രോധത്തിന് വിധേയരുമായ സമൂഹത്തില്‍ നിന്ന് എല്ലാ നിലക്കും അകന്നുനില്‍ക്കല്‍ തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങള്‍ ഈ സൂറയില്‍ പരാമര്‍ശവിധേയമായിക്കാണാം. ഇങ്ങനെ ഖുര്‍ആന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇതിന് ഉമ്മുല്‍കിതാബ് (ഖുര്‍ആനിന്റെ മൂലം) കിതാബിന്റെ അടിസ്ഥാനം എന്നും പേരുണ്ട്. അസ്സബ്ഉല്‍മസാനി, അശ്ശിഫാ, അല്‍അസാസ്, അല്‍വാഫിയ, അല്‍ഹംദ്, അല്‍കാഫിയ, അര്‍റുഖ്‌യ തുടങ്ങി പന്ത്രണ്ടു പേരുകള്‍ ഇമാം ഖുര്‍ഥുബി(റ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (തഫ്‌സീര്‍ ഖുര്‍ഥുബി 1:111-113). ഇരുപത്തഞ്ച് പേരുകളുള്ളതായി ഇമാം സുയൂഥിയും രേഖപ്പെടുത്തിയിരിക്കുന്നു. നാമധേയങ്ങളുടെ ഈ ആധിക്യം സൂറത്തിന്റെ ശ്രേഷ്ഠതയാണ് കുറിക്കുന്നതെന്നതില്‍ പക്ഷാന്തരമില്ല. നമസ്‌കാരത്തില്‍ അനിവാര്യമായി ഓതേണ്ടതും ഒരു പ്രാര്‍ഥനാരൂപത്തില്‍ അവതരിച്ചിട്ടുള്ളതുമാണ് ഫാതിഹ. ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല എന്ന ഹദീസ് സുപ്രസിദ്ധമാണ്. ഇതും സൂറയുടെ മഹത്ത്വം തന്നെയാണ് കാണിക്കുന്നത്.
Wednesday, November 14, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment