ഒരു സൂര്യന് അസ്തമിക്കുമ്പോള് മറ്റൊരു സൂര്യന് ഉദിക്കുന്നു. അതാണ് ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗവും ഇമാം ശാഫിഈ(റ)യുടെ ജനനവും. ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ ഹിജ്റ 150ല് തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസിനെ ഇസ്ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്. ലോകഭൂപടമൊന്നാകെ വിജ്ഞാന പ്രഭയില് പരിലസിക്കും വിധം ഒരു ഖുറൈശി പണ്ഡിതന് വരാനുണ്ടെന്ന പ്രവാചക വചനത്തിന്റെ അകസാരം ഒന്നര നൂറ്റാണ്ടിനു ശേഷം കടന്നു വന്ന ഇമാം ശാഫിഈ(റ)യാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം.
ഇമാമിന്റെ ജീവിതം ജ്ഞാന സഞ്ചാരങ്ങളുടെ ഒരു നൈരന്തര്യം തന്നെയായിരുന്നുവെന്ന് പറയാം. മക്ക, മദീന, യമന്, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ ജ്ഞാന ദാഹവുമായി അലയുകയും ഓരോ ദേശത്തുമുള്ള പണ്ഡിതശ്രേഷ്ഠരില് നിന്നും ജ്ഞാന പ്രഭ സ്വീകരിക്കുകയും ചെയ്തു.
സര്വ മേഖലകളിലും തികഞ്ഞ അറിവ്. അതായിരുന്നു മറ്റു ഇമാമുകളില് നിന്നും വ്യതിരിക്തമായി ഇമാം ശാഫിഈ(റ)യുടെ പ്രത്യേകത. ഖുര്ആന്, ഹദീസ്, കര്മശാസ്ത്രം, വ്യാകരണം, കവിത, അമ്പെയ്ത്ത്, വൈദ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഴമേറിയ അറിവോടൊപ്പം അല്ലാഹുവിന്റെ മുന്നില് നിരന്തരം ആരാധനകളില് മുഴുകുന്ന ശീലമുള്ളവരായിരുന്നു മഹാന്. ഇല്മും അമലും സമ്മേളിച്ച പണ്ഡിത പ്രതിഭ. എല്ലാ ദിവസവും ഖുര്ആന് ഒരോ ഖത്മും റമദാനില് രണ്ട് ഖത്മും വീതം അദ്ദേഹം ഓതിത്തീര്ക്കാറുണ്ടായിരുന്നുവെന്ന് റബീഅ് ബ്നു സുലൈമാന് പറഞ്ഞിട്ടുണ്ട്.
തന്റെ ചിന്തകളെയും ഫത്വകളെയും ലോകം മുഴുവന് അനുധാവനം ചെയ്യും വിധം ഇസ്ലാമിക ജ്ഞാന ശാഖയെ പൊതുവിലും ഇസ്ലാമിക കര്മശാസ്ത്രത്തെ വിശേഷിച്ചും അദ്ദേഹം ജീവസുറ്റതാക്കി. ഖുര്ആനിലും ഹദീസിലും ഇമാമിനുള്ള പ്രവിശാലമായ ജ്ഞാനപരപ്പിന്റെ ബലത്തില് അദ്ദേഹം നടത്തിയ ഗവേഷണങ്ങള് ഹനഫീ-മാലികീ കര്മശാസ്ത്ര ധാരയില് നിന്ന് വ്യത്യസ്തമായി പുതിയൊരു കര്മശാസ്ത്ര ധാരയില് കൊണ്ടെത്തിച്ചു. അതോടെ ശാഫിഈ കര്മശാസ്ത്ര ധാരയുടെ അമരക്കാനായി ഇമാം.
No comments:
Post a Comment