ജീവനകലയെപ്പോലെയുള്ള ധ്യാനമാര്‍ഗങ്ങളെ അനുകരിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജത്വരീഖത്തുകളില്‍ പലതും ഇപ്പോള്‍ ധ്യാനരീതികള്‍ പരീക്ഷിക്കുന്നതു കാണാം. കൈയടിയും ഡാന്‍സും ആര്‍പ്പുവിളിയും പൊട്ടിച്ചിരിയുമായി നൈമിഷികാനന്ദത്തില്‍ അഭിരമിക്കുന്ന ഇവര്‍ അധ്യാത്മികതയായി അവതരിപ്പിക്കുന്ന പലതും തീര്‍ത്തും അനിസ്ലാമികമാണ്. ദുര്‍ബല വിശ്വാസികളെ വഴിതെറ്റിക്കുന്ന ഈ വൈകല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭീകരമായ ഇസ്‌ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബീജാവാപം നല്‍കുന്നത്. ഇത്തരം ഗൗരവമുള്ള കാര്യങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ തിരുത്തുമ്പോള്‍ പിഴച്ച ത്വരീഖത്ത് വാദികള്‍ “ഇവര്‍ക്കൊന്നും അധ്യാത്മികതയില്ലെന്നും ഇലാഹീ സ്നേഹത്തിന്റെ പൊരുളറിയില്ലെന്നു’മാണ് പ്രചരിപ്പിക്കാറുള്ളത്. ആത്മികതയുള്ളവര്‍ തങ്ങള്‍ മാത്രമാണെന്നും അവര്‍ അവകാശപ്പെടും.
ഇമാം സുയൂഥി(റ) ഓര്‍മപ്പെടുത്തുന്നു: “തസ്വവ്വുഫിന്റെ മാര്‍ഗത്തില്‍ കള്ളനാണയങ്ങള്‍ വളരെയധികം വളര്‍ന്നിട്ടുണ്ട്. സത്യമായ ആത്മീയതയെന്ന പേരില്‍ ത്വരീഖത്തില്‍ ഇല്ലാത്തവ കൂട്ടിച്ചേര്‍ത്ത് കപടന്മാര്‍ വിലസുന്നു. ഇവരുടെ വളര്‍ച്ച നല്ലവരടക്കം സര്‍വരെയും തെറ്റിദ്ധരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു’ (തഅ്യീദുല്‍ ഹഖീഖതില്‍ അലിയ്യ, പേ 57).
കര്‍മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ) നിര്‍ദേശിക്കുന്നതു കാണുക: “ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ജ്ഞാനത്തില്‍ അഗാധതലങ്ങള്‍ ഉറപ്പാകാത്ത ഒരാളെയും പിന്തുടരരുത്. കാരണം, കള്ളവാദികളും ചൂഷകരും അങ്ങേയറ്റം പെരുകുകയും ആത്മീയത വാദിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്ന് അകലെയാണ്. നാശത്തിലേക്കാണ് അവരുടെ പ്രയാണം. അവരുടെ വാക്കുകളും പ്രവര്‍ത്തികളും അവസ്ഥകളും പൂര്‍ണമായും തെറ്റാണ്. നശിച്ചുപോകുന്ന ദുനിയാവിന്റെ മേല്‍ കടിപിടി കൂടുകയാണ് അവര്‍ ചെയ്യുന്നത്.’
ആധ്യാത്മിക വഴികളെക്കുറിച്ച് അവ്യക്തതയുണ്ടെങ്കില്‍ യഥാര്‍ത്ഥ സ്വൂഫി സരണിയിലേക്ക് ജീവിതം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇസ്‌ലാം കെട്ടിപ്പടുത്ത സുദൃഢവും സുതാര്യവുമായ ആധ്യാത്മിക വഴിയുണ്ട്. മോക്ഷത്തിലേക്കുള്ള കര്‍മമാര്‍ഗം ശരീഅത്തെന്നും അധ്യാത്മിക മാര്‍ഗം ത്വരീഖത്തെന്നും അറിയപ്പെടുന്നു. ശരീഅത്തിന്റെ ഭാഗമായ വിശ്വാസകര്‍മസരണിയില്‍ ഓരോ വിശ്വാസിയും മതപരമായ അടിസ്ഥാനുഷ്ഠാനങ്ങള്‍ പാലിക്കണം. വിശ്വസിക്കേണ്ട കാര്യങ്ങളടക്കം ശരീഅത്തിന്റെ അനുശാസനകളില്‍ നിന്ന് ആരും മുക്തരല്ല. വ്യക്തി എത്ര ഉന്നതനായാലും അല്ലെങ്കിലും ശരീഅത്ത് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.
No comments:
Post a Comment