

അറഫ
ഹജ്ജ് കര്‍മ്മങ്ങളുടെ മുഖ്യഘടകമാണ് അറഫയിലെ നിര്‍ത്തം. ഹജ്ജ് അറഫയാകുന്നു എന്നത്രെ നബി(സ്വ) അരുള്‍ ചെയ്തത്. സത്യവിശ്വാസികള്‍ സ്വര്‍ഗം ചോദിച്ചുവാങ്ങുന്ന അനുഭൂതിദായകമായ രംഗമാണവിടെ. അറഫാ നിര്‍ത്തത്തിന്റെ മഹത്വം കുറിക്കുന്ന നിരവധി ഹദീസുകളുണ്ട്. നബി(സ്വ) പറഞ്ഞു; “ബദര്‍ദിനം കഴിച്ചാല്‍ അല്ലാഹുവിന്റെ ശത്രുവായ ഇബ്ലീസ് ഇത്രയും അപമാനിതനും നിന്ദ്യനും നിരാശനും നിസ്സാരനും കോപിഷ്ടനുമായി മറ്റൊരിക്കലും കാണപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ അത്യുദാരമായ അനുഗ്രഹ വര്‍ഷങ്ങളും നിരവധി മഹാപാപികള്‍ക്കു പോലും പൊറുത്തുകൊടുക്കുന്നതു കൊണ്ടാണങ്ങനെ…” (ഹദീസ്)
അറഫാദിനത്തില്‍ അറഫാ മൈതാനിയില്‍ ഒരുമുച്ചുകൂടുന്ന സര്‍വ്വമനുഷ്യര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുകുയം സ്വര്‍ഗം നല്‍കുകയും ചെയ്യുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു. “അറഫാദിനം അല്ലാഹു തആല അവന്റെ മലകുകളോട് പറയും. എന്റെ മലകുകളേ, എന്റെ പ്രിയ ദാസന്മാരെ നിങ്ങള്‍ കാണുന്നില്ലേ. പൊടിപുരണ്ടവരും മുടി ജഡ കുത്തിയവരുമായി വിദൂരദിക്കുകളില്‍ നിന്നും അവരതാ എന്നെത്തേടി വന്നിരിക്കുന്നു. അവര്‍ എന്റെ കാരുണ്യം കാംക്ഷിക്കുകയും പാപമോചനം കൊതിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളെ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ പാപങ്ങള്‍ മഴവര്‍ഷത്തിന്റെ അത്രയോ സമുദ്രജലനുരകളുടെ അത്രയോ ഉണ്ടായാലും ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട അടിമകളേ, നിങ്ങള്‍ക്കും നിങ്ങള്‍ ആവശ്യപ്പെട്ടവര്‍ക്കും പാപം പൊറുത്തിരിക്കുന്നു. നിങ്ങള്‍ സംതൃപ്തരായി മടങ്ങുവീന്‍(ഹദീസ്). ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “നിബന്ധനകള്‍ യോജിപ്പിച്ച് അറഫയില്‍ ഒരാള്‍ സന്നിഹിതനായ ശേഷം എനിക്കു അല്ലാഹു പാപം പൊറുത്തുതന്നില്ല എന്ന് കരുതുന്നതാണ് ഏറ്റവും വലിയ പാപം” (ഹദീസ്).
ജബലുറഹ്മയും അതിനുചുറ്റുമുള്ള വിശാലമായ മൈതാനിയുമാണ് അറഫ. അതിന്റെ നാലതിരുകളും വളരെ വ്യക്തമായി ബോര്‍ഡുകള്‍ സ്ഥാപിച്ച് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പ്രത്യേക പ്രകാശ സ്തൂപങ്ങളും അതിര്‍ത്തിയിലൂടെ വരിയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അറഫയുടെ പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മസ്ജിദു ഇബ്രാഹിം നിലകൊള്ളുന്നത്. അതിന്റെ ഒരുഭാഗം അറഫയിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. അത് പ്രത്യേകം ബോര്‍ഡെഴുതി കാണിച്ചിരിക്കുന്നു.
അറഫയില്‍ താമസിക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാന ഘടകമാണ്. അത് ഒഴിവായാല്‍ ഹജ്ജ് നഷ്ടപ്പെടുന്നതാണ്. മറ്റെല്ലാ ഘടകങ്ങള്‍ക്കും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തവും മറ്റു പരിഹാരങ്ങളുണ്ടെങ്കിലും അറഫാ താസം വിട്ടുപോയാല്‍ ഹജ്ജ് നഷ്ടപ്പെടുക തന്നെ ചെയ്യും.
No comments:
Post a Comment