മില്ലത്ത്:പിന്തുടരേണ്ട കാൽപാടുകൾ
വിശുദ്ധ ഖുർആനിൽ ഇരുപത്തിയേഴ് അധ്യായങ്ങളായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ മില്ലത്ത് പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അല്ലാഹുവിന് താഴ്മചെയ്യുകയും നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷ (തഫ്സീറു റാസി). ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും നബി(സ്വ) യുടെ പ്രവാചകത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ജൂത-ക്രൈസ്തവ വിഭാഗത്തോട് ഖുര്‍ആന്‍ പലയിടത്തും ഇബ്റാഹീമീ മാതൃക നിങ്ങള്‍ പിന്തുടരൂ എന്ന് ഉദ്ഘോഷിക്കുന്നുണ്ട്.
നൂഹ് നബി(അ) ന്‍റെ പുത്രന്‍ സാമിന്‍റെ സന്താനപരമ്പരയിലാണ് ഇബ്റാഹീം(അ) ജനിക്കുന്നത്. പിതാവ് താറഹ് ഫലസ്തീനിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെട്ടു. ലൂത്വ് നബി(അ) ന്‍റെ പിതാവ് ഹാറാന്‍, നാഹൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ജന്മനാടായ ഇറാഖിലെ ബാബിലോണില്‍ തന്നെയാണ് പ്രവാചക ദൗത്യമേല്‍പിക്കപ്പെട്ടതും.
ഉമ്മത്തിന്റെആദിമ മാതൃകയായി ഖുർആന്‍ അവതരിപ്പിക്കുന്ന മഹാ വ്യക്തിത്വം ഇബ്‌റാഹീം നബി (അ) യാണ് . ഒരു മഹാപ്രസ്താനത്തോളം വലിപ്പമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇബ്‌റാഹീം നബി (അ). വ്യക്തി സമൂഹമായി വികാസം പ്രാപിച്ച അനുപമമായ ജീവിതം . ഇബ്‌റാഹീം നബി (അ) നെ നാല്കാര്യങ്ങളിലായി അല്ലാഹു പരീക്ഷിച്ചു . ഒന്ന്: ആത്മാർപ്പണ ബോധം , രണ്ട് : ദേശ-വംശ ബിംബങ്ങളെ അവഗണിച്ച് സത്യത്തിന് വേണ്ടി പാലായനം ചെയ്യാനുള്ള സന്നദ്ധത, മൂന്ന്: നിലവിലുള്ള വിശ്വാസങ്ങളെയും സമകാലിക സാംസ്‌കാരിക ചിഹ്നങ്ങളെയും വെല്ലുവിളിക്കാനുള്ള ത്രാണി, നാല്: പുത്ര ബലിയിലൂടെയുള്ള സമ്പൂർണ്ണ സമർപ്പണം. ഈ പരീക്ഷണങ്ങളിൽ വിജയം വരിച്ചപ്പോൾ അല്ലാഹു മഹാനവർകളെ വിശേഷിപ്പിച്ചു: ‘നബിയെ, താങ്കളെ നാം സർവ്വ ജനതക്കും നേതാവായി നിയോഗിച്ചിരിക്കുന്നു ‘ (2:124). ഒരു നേതാവിനെ നിയോഗിക്കുന്നതിലൂടെ ഉമ്മത്തിന്റെ ആദിമ അടിത്തറ പാകുകയായിരുന്നു അവിടെ.തുടർന്ന് അദ്ദേഹംചെയ്തത്, ഒരു ആസ്ഥാനം പണിയുകയായിരുന്നു ; കഅ്ബയെന്ന സർവ്വാശ്രയ തീർത്ഥാടന കേന്ദ്രം .
ഇബ്‌റാഹീം നബി (അ) ന്റെ പ്രബോധന മേഖല മധ്യേഷ്യയായിരുന്നു. അന്നത്തെ സകല നാഗരിക സമൂഹങ്ങളുടെയും ഒത്ത നടുവിൽ. സിറിയ, ആഫ്രിക്ക, ബാബിലോണിയ, മെസപ്പെട്ടോമിയ, ഇറാന്‍ തുടങ്ങിയ നാഗരിക കേന്ദ്രങ്ങളുടെ മധ്യത്തിലാണ് മക്ക സ്ഥിതി ചെയ്യുന്നത്. പ്രത്യയശാസത്രമെന്ന പോലെ ഭൂമി ശാസ്ത്ര പരമായും നമ്മുടെ ലോക വീക്ഷണം ഒരു മധ്യമ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നർത്ഥം. ‘നിങ്ങളെ മധ്യവർത്തികളായ സമുദായമാക്കിയിരിക്കുന്നു’ (2:143) വെന്ന ഖുർആനിക സൂക്തം ഇതിനോട്‌ചേർത്തി വായിക്കേണ്ടതാണ് .
പരീക്ഷണങ്ങളെ തുടർന്ന് ഇബ്‌റാഹീം നബി (അ) നെ നേതാവാക്കി നിയോഗിച്ചെങ്കിൽ, ഉമ്മത്തിന്റെ കർമ്മ ധർമ്മങ്ങൾ നിർവ്വഹിക്കുകയാണെങ്കിൽ നമുക്കും ലോകത്തിന്റെ നെറുകയിലെത്താം. അതാണ് ചരിത്രം നമുക്കു നൽകുന്ന പാഠവും. മഹാ കവി ഇഖ്ബാലിന്റെ മനോഹരമായ ഒരു കവിതാശകലത്തിന്റെ ആശയം ഇപ്രകാരമാണ്: ‘മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു വാ, എന്റെ മടിത്തട്ടിൽ നിനക്ക് ഞാന്‍ അഭയം നൽകാം. മഞ്ഞു തുള്ളി പ്രതിവചിച്ചു: ഈ ചുട്ടുപഴുത്ത മണലിൽ വീണ് നശിക്കുന്നതാണ് നിന്നിൽ ലയിച്ചതാവുതിനേക്കാൾ എനിക്കിഷ്ടം. ഇസ്ലാാമിക സംസ്‌കാരം വളർത്തിയ ഒരു സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ പ്രതീകമാണീ മഞ്ഞുതുള്ളി’.
No comments:
Post a Comment