DOWNLOAD PDF
റമദാനിലെ ഒരു വിശിഷ്ഠ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ഖുര്‍ആന്‍ അവതരിച്ചത് ആ രാവിലാണ്. ആയിരം മാസത്തെക്കാള്‍ മഹത്വമുണ്ടതിന്. മലക്കുകളും റൂഹും(ജിബ്‌രീല്‍)ആ രാത്രി ഇറങ്ങിവരും. പ്രഭാതം വരെ ശാന്തസാന്ദ്രമായിരിക്കുമത്. ഖുര്‍ആന്‍ 96-ാം അധ്യായത്തില്‍ അത് വിവരിക്കുന്നുണ്ട്.
”വിശ്വസിച്ചും പ്രതിഫലം മോഹിച്ചും കൊണ്ട് ആ രാത്രി ഒരാള്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.” (ബുഖാരി, മുസ്‌ലിം)
റമദാന്‍ അവസാനത്തെ പത്തിലെ ഒറ്റ രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. റമദാന്‍ ഇരുപത്തി ഒന്നാമത്തെയോ ഇരുപത്തി മൂന്നാമത്തെയോ രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ഇമാം ശാഫിഈ(റ)വിന്റെ പക്ഷം. ഇരുപത്തി ഏഴാം രാവാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) പറയുന്നത്. പുരാതന കാലം മുതലേ ജനങ്ങള്‍ ആദരിച്ചു പോരുന്നതും അധിക പണ്ഡിതന്‍മാരുടെ അഭിപ്രായവും ഇരുപത്തി ഏഴാകുന്നു. (ശര്‍വാനി 3:462 നോക്കുക.)
ഓരോ വര്‍ഷവും വ്യത്യസ്ത രാവുകളിലേക്ക് ലൈലത്തുല്‍ ഖദ്ര്‍ മാറിക്കൊണ്ടിരിക്കും, എല്ലാ വര്‍ഷവും ഒരേ രാവുതന്നെയായിക്കൊള്ളണമെന്നില്ല എന്നാണ് ഇമാം നവവി(റ) ബലപ്പെടുത്തിയിട്ടുള്ളത്. വിവിധ ഹദീസുകളില്‍ വന്ന ഇരുപത്തി ഒന്ന്, ഇരുപത്തി മൂന്ന് തുടങ്ങിയ വൈവിധ്യങ്ങളെ സംയോജിപ്പിക്കാന്‍ ഈ അഭിപ്രായത്തിലൂടെ കഴിയുമെന്നതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായത്തെ ബലപ്പെടുത്തിയത്. (ഇആനത്ത് 2:257 നോക്കുക.)
റമദാന്‍ അവസാനത്തെ പത്തില്‍ കൂടുതല്‍ പുണ്യകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെടല്‍ സുന്നത്താണ്. ആ ദിനരാത്രങ്ങളില്‍ ഇബാദത്തിനു വേണ്ടി പ്രത്യേകം തയ്യാറാവണം. നബി(സ)യും സ്വഹാബത്തും അങ്ങനെയാണ് ചെയ്തിരുന്നത്.
No comments:
Post a Comment