DOWNLOAD PDF
ശരീരത്തിന്റെ സകാത്താണ് ഫിത്വ് ര്‍ സകാത്ത്. ധനത്തിന്റെയും ധനികന്റെയും പരിഗണന ഇതിനില്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇതു ബാധകമാണ്. കുട്ടികളും അടിമകളും വരെ ഇതില്‍നിന്ന് ഒഴിവാകില്ല.
ദാരിദ്ര്യവും നിര്‍ധനതയും ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയേ അല്ല ഫിത്വ്്ര്‍ സകാത്ത്. ബാധ്യതപ്പെട്ടവര്‍ തന്നെ ഇതിന്റെ അവകാശികളുമാകും. റമളാന്‍ നോമ്പ് കഴിഞ്ഞു പെരുന്നാള്‍ ആഘോഷത്തോട് ബന്ധപ്പെടുത്തിയാണ് ഇതു വ്യവസ്ഥചെയ്തിട്ടുള്ളത്. പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നു രണ്ടു ദിവസത്തെ അവധി ദിനങ്ങളില്‍ നാട്ടില്‍ പതിവുള്ള മുഖ്യാഹാരത്തിന്റെ കാര്യത്തില്‍ ഒരു തൊഴിലാളിയും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യമാണ് ഈ സകാത്തിന്റെ പിന്നില്‍.
പരസ്പര സഹകരണത്തിന്റെ പേരില്‍ മിച്ചമുള്ള മുഖ്യാഹാരം എല്ലാ വീടുകളില്‍നിന്നും പുറത്തിറക്കി ലക്ഷ്യം സാധിക്കുന്ന സംവിധാനമാണ് ഇസ്‌ലാം ഇതിന് ഒരുക്കിയിട്ടുള്ളത്. ഈ ഉദ്ദേശ്യം വേണ്ടതു പോലെ ഗ്രഹിക്കാതെ ഫിത്വര്‍ സകാത്തിനെ ഇസ്‌ലാമിന്റെ ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായി എടുത്തുകാണിക്കുന്നതു ബുദ്ധിയല്ല. മതവൈരികള്‍ പരിഹസിക്കാനും ഇസ്‌ലാമിനെ തെറ്റുദ്ധരിപ്പിക്കാനും ഇതു വഴിവെക്കും.
റമദാന്‍ മാസത്തിന്റെ പരിസമാപ്തിയുടെ നിമിഷവും പെരുന്നാള്‍ രാവ് ആരംഭിക്കുന്നതിന്റെ നിമിഷവും ചേര്‍ന്നതാണ് ഇതു നിര്‍ബന്ധമാകുന്ന വേള. ഈ സമയത്ത് തന്റെ മേല്‍ ചെലവ് ബാധ്യതപ്പെട്ടവരായി മുസ്‌ലിംകള്‍ ആരെല്ലാമുണ്ടോ അവരുടെയെല്ലാം സകാത്ത് നല്‍കണം.
ആരുടെ പേരിലാണോ സകാത്ത് നല്‍കുന്നത് അയാള്‍ സൂര്യാസ്തമയത്ത് എവിടെയാണോ ആ നാട്ടിലെ സാധുക്കള്‍ക്കാണ് അയാളുടെ സകാത്തിന്റെ അവകാശം. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെയെത്തിയോ അവിടെയാണ് അവകാശം എന്നു വരും. ഇത്തരം രൂപങ്ങളില്‍ ഒരു സ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരു സ്ഥലത്തേക്ക് നീക്കംചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്.(islamonweb.net)
No comments:
Post a Comment