കളവ് പറയല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ തെറ്റാണ്. ഏപ്രില്‍ ഫൂളിന് കളവ് പറയാം എന്നാണ് ചില അല്‍പജ്ഞാനികളായ മുസ്‌ലിംകള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ ഇസ്‌ലാമില്‍ കളവ് പറയാനായി ഒരു ദിവസവും നിശ്ചയിച്ചിട്ടില്ല.
നബി(സ) ഒരിക്കല്‍ പറഞ്ഞു: ”സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. സത്യസന്ധത പാലിക്കുന്ന ഒരു വ്യക്തി അല്ലാഹുവിന്റെയടുക്കല്‍ ‘സത്യസന്ധന്‍’ എന്നെഴുതപ്പെട്ടിരിക്കുന്നു. കളവ് തെറ്റിലേക്കും തെറ്റ് നരകത്തിലേക്കും നയിക്കുന്നു. ഒരു വ്യക്തി സദാ കളവ് പറയുന്നുവെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അയാളെ കുറിച്ച് ‘കള്ളം പറയുന്നവന്‍’ എന്നെഴുതപ്പെട്ടിരിക്കും.” (മുത്തഫഖുന്‍ അലൈഹി)
നബി(സ) തന്റെ അനുയായികളോട് ചോദിക്കുമായിരുന്നു- നിങ്ങളില്‍ ആരെങ്കിലും സ്വപ്നം കാണാറുണ്ടോ? അല്ലാഹു ഉദ്ദേശിച്ച ചില വ്യക്തികള്‍ തങ്ങള്‍ ദര്‍ശിച്ച സ്വപ്നം പ്രവാചകര്‍ക്ക് വിവരിച്ചുകൊടുക്കും. ഒരിക്കല്‍ മുഹമ്മദ് നബി(സ) പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടുപേര്‍ എന്റെയടുത്തുവന്ന് ഞാന്‍ അവരുടെ കൂടെ യാത്ര ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങള്‍ യാത്രയായി. പല അത്ഭുതസംഭവങ്ങളും ആ യാത്രയില്‍ കണ്ടു. ഞാന്‍ കണ്ട സംഭവങ്ങളെ കുറിച്ചെല്ലാം അവരോട് ചോദിച്ചു. അപ്പോള്‍ അവരെന്നോട് പറഞ്ഞു. ”നടക്കൂ. നടക്കൂ…” ആ യാത്രയില്‍ പ്രവാചകന്‍ കണ്ട സംഭവം ഇപ്രകാരമായിരുന്നു.
ഒരാള്‍ മലര്‍ന്നുകിടക്കുന്നു. അടുത്ത് തന്നെ ഇരുമ്പിന്റെ കൊളുത്തുമായി വേറെ ഒരാള്‍ നില്‍ക്കുന്നു. അയാള്‍ മലര്‍ന്നുകിടക്കുന്നവന്റെ കവിളില്‍ കൂടി അവന്റ വായ പിരടി വരെ വലിച്ചുകീറുന്നു. പിന്നീട് മുഖത്തിന്റെ മറുഭാഗത്തേക്ക് നീങ്ങി ആദ്യഭാഗത്ത് ചെയ്തതുപോലെ അവിടെയും ചെയ്യുന്നു. ഒരു ഭാഗത്ത് നിന്നയാള്‍ ഒഴിവാകുമ്പോഴേക്കും മറുഭാഗം പൂര്‍വസ്ഥിതി പ്രാപിച്ചിരിക്കും. ഈ പ്രവൃത്തി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ കൂടെയുള്ള ഇരുവരോടും ചോദിച്ചു: ‘ആരാണിവര്‍?’ അവര്‍ പറഞ്ഞു: ”നടക്കൂ.. നടക്കൂ..” അവസാനം ഈ അനുഭവത്തെ കുറിച്ച് അവരെന്നോട് പറഞ്ഞു: ”യാത്രയില്‍ കണ്ട വായും മുഖവും പിരടി വരെ കുത്തിക്കീറപ്പെട്ടവന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയാല്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറ് കളവ് കെട്ടിപ്പറയുന്നവനാണ്.”
ഏപ്രില്‍ഫൂള്‍ ദിനത്തില്‍ കളവ് പറയുന്നവരേ, നിങ്ങളെ കാത്തിരിക്കുന്നതും മേല്‍പറഞ്ഞ രീതിയിലുള്ള ഭയാനകമായ ദൈവിക ശിക്ഷയായിരിക്കും.

No comments:
Post a Comment