അലി(റ)യില്‍നിന്നു നിവേദനം: അവര്‍ പറഞ്ഞു: “”എന്നെയും അബൂ മര്‍സദ്(റ), സുബൈര്‍(റ) എന്നിവരെയും നബി(സ) യാത്രയാക്കി. ഞങ്ങള്‍ മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള്‍ അവിടുന്നു ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മൂന്നു പേരും “റൌളത്തു ഖാഖി’ല്‍ പോവുക. നിശ്ചയം, മുശ്രിക്കുകളില്‍ പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്നു അബീബല്‍തഅത്ത്(റ) മുശ്രിക്കുകള്‍ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി(സ) പ്രസ്താവിച്ച സ്ഥലത്തുവെച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.
ഉടനെ അവളോട് ഞങ്ങള്‍ എഴുത്ത് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു: എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള്‍ മുട്ടുകുത്തിച്ചു. ഞങ്ങള്‍ അവളുടെ കൈവശം എഴുത്തുണ്േടായെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: നബി(സ) ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്‍ബന്ധമായും എടുത്തുതരിക. അല്ലെങ്കില്‍ നിന്റെ വസ്ത്രങ്ങള്‍ ഊരി ഞങ്ങള്‍ പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ വസ്ത്രത്തിന്റെ ഉള്ളില്‍നിന്നു അവള്‍ എഴുത്തെടുത്ത് ഞങ്ങള്‍ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള്‍ നബി(സ)യുടെ തിരുസന്നിധിയിലെത്തി. അവിടെവെച്ച് എഴുത്ത് വായിച്ചപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: “”അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്(റ) നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ പിരടിവെട്ടാന്‍ അങ്ങ് ഞങ്ങള്‍ക്കു സമ്മതം തരിക. അപ്പോള്‍ നബി(സ) ഹാത്വിബി(റ)ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: മുശ്രിക്കുകള്‍ക്കു ഇങ്ങനെയൊരു കത്തെഴുതാന്‍ നിനക്കുള്ള പ്രേരണയെന്താണ്?
ഹാത്വിബി(റ)ന്റെ മറുപടി ഇങ്ങനെയായിരുന്നു: “”അല്ലാഹുവാണു സത്യം! ഞാന്‍ അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും ശത്രുപക്ഷമായ മുശ്രിക്കുകള്‍ക്കിടയില്‍ എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് ആ സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന്‍ സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില്‍ നിന്നുള്ള ഏതൊരാള്‍ക്കും മക്കയില്‍ ബന്ധുക്കളില്ലാതില്ല. അവര്‍ മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.’’
ഇതു കേട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: “”ഹാത്വിബ്(റ) പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരെ ഒന്നും പറയരുത്.’’ ഇതുകേട്ട് ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: “”നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(റ). അവന്റെ പിരടി വെട്ടാന്‍ അങ്ങ് അനുമതി തരിക.’’ അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: “”ബദ്രീങ്ങളില്‍പെട്ട വ്യക്തിയല്ലെയോ ഹാത്വിബ്(റ). ബദ്രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.’’ ഇതുകേട്ട് ഉമര്‍(റ)വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്നു പറയുകയും ചെയ്തു.’’ (ബുഖാരി).
Saheehul buqari Malayalam puf kitto
ReplyDelete