DOWNLOAD PDF
ആരോഗ്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് വൃത്തിയേയും ശുചിത്വത്തേയും കുറിച്ചുള്ള നിര്‍ദേശങ്ങളാണ്. വൃത്തിക്കും വെടിപ്പിനും ഒരുതരം ആകര്‍ഷണശക്തിയുണ്ട്. വൃത്തിയായി ജീവിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. ചുറ്റുപാടും മലീമസമായ ജീവിതം മനുഷ്യനെ നന്മയില്‍നിന്നും ധര്‍മത്തില്‍നിന്നും അകറ്റുകയും ഭൗതികതയോട് അടുപ്പിക്കുകയും ചെയ്യുന്നു. അത് ആത്മാവിനെത്തന്നെ ദുഷിപ്പിക്കുന്നു. വൃത്തി വിശ്വാസത്തിന്റെ പാതിയാകുന്നതും അതുകൊണ്ട് തന്നെയാണ്. നമസ്‌കരിക്കുന്ന പള്ളിയും താമസസ്ഥലവും വൃത്തിയായി സൂക്ഷിക്കണമെന്നത് ഇസ്‌ലാമിന്റെ കര്‍ശന നിര്‍ദേശമാണ്.
വെടിപ്പും വൃത്തിയും ശുദ്ധിയും സാംസ്‌കാരിക വിഷയങ്ങള്‍ എന്നതിനേക്കാള്‍, മതവിശ്വാസങ്ങളുമായി ബന്ധമുള്ള പരികല്‍പനകളാണ്. മതത്തെ ജീവിതത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്നവര്‍ക്ക് പാപപുണ്യബോധം അന്ധവിശ്വാസമായതുപോലെ, ശുദ്ധിയെയും വെടിപ്പിനെയും കുറിച്ച മതകീയ കാഴ്ചപ്പാടുകളും അന്ധവിശ്വാസങ്ങള്‍ തന്നെയായിരിക്കും. അവരെ സംബന്ധിച്ചേടത്തോളം വസ്ത്രധാരണം ശരീരസുരക്ഷക്കും സൗന്ദര്യപ്രകടനത്തിനുമുള്ളതു മാത്രമാണ്. കുളി, അംഗസ്‌നാനം മുതലായവ അഴുക്കു കളയാനും ശരീരസുഖത്തിനും മാത്രവും. സൗന്ദര്യസങ്കല്‍പം മാറുന്നതിനനുസരിച്ച് വസ്ത്രത്തിന്റെ മോഡല്‍ മാത്രമല്ല, അളവും മാറും. അഴുക്കു കളയാനും ശരീരസുഖത്തിനും ജലമല്ലാത്ത മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ ശാസ്ത്രം വിജയിച്ചാല്‍ അവര്‍ക്കത് മതിയാകും.
No comments:
Post a Comment