ജ്ഞാനം, വിവേകം, വിശ്വാസം എന്നിവയാണ് മനുഷ്യന് മനുഷ്യത്വം നല്‍കുന്നത്. എന്ത് പഠിക്കണമെന്നും എങ്ങനെയെല്ലാം ജീവിതം ക്രമപ്പെടുത്തണമെന്നുമുള്ളതാണ് അഥവാ പഠിച്ചത് പ്രാവര്‍ത്തികമാക്കി ജീവിതം നയിക്കുക എന്നതാണ് മുസ്‌ലിമിന്റെ കടമ. നല്ലതില്‍ വിശ്വാസമര്‍പ്പിക്കുകയും അത് പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുകയും വേണം. എല്ലാ അവയവങ്ങളെയും അല്ലാഹുവിനെ ഭയന്നുകൊണ്ടുള്ള ജീവിതരീതിയില്‍ ക്രമീകരിച്ചവനാണ് യഥാര്‍ത്ഥ വിശ്വാസി. ഇമാം അബുല്ലൈസുസ്സമര്‍ഖന്ദി(റ) പറയുന്നു: അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഏഴ് അവയവങ്ങളില്‍ പ്രകടമാകണം.
നാക്കില്‍നിന്നു കളവ്, പരദൂഷണം, ഏഷണി, അപവാദപ്രചരണം, അനാവശ്യസംസാരം എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയുകയും ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ദീനീ വിജ്ഞാനം പഠിക്കല്‍ എന്നിവ ജനിപ്പിക്കയും വേണം.
ഹൃദയത്തില്‍നിന്നു അസൂയയും ശത്രുതയും നീങ്ങലും, കണ്ണുകൊണ്ട് അല്ലാഹു അനുവദിച്ചതിലേക്ക് മാത്രം നോക്കലും വയറ്റിലേക്ക് നിഷിദ്ധമായത് കടത്താതിരിക്കലുമാണ് വിശ്വാസിയെന്നതിന്റെ തെളിവ്. യഥാര്‍ത്ഥ വിശ്വാസിയെങ്കില്‍ തെറ്റിലേക്ക് കൈ നീട്ടാനും തെറ്റായ കാര്യം ലക്ഷ്യമാക്കി നടന്നുനീങ്ങാനും കഴിയില്ലെന്നും ഇമാം അബുല്ലൈസ് തന്നെപറയുന്നുണ്ട്. ആരാധനകളത്രയും അല്ലാഹുവിന്റെ വജ്ഹിന്ന് വേണ്ടിയായിരിക്കണം. അതില്‍ ദുരുദ്ദേശ്യം വന്നുകൂടാ.
ജീവിതം തുലച്ചു തീര്‍ക്കാനുള്ളതല്ല. ഓരോ ജീവിക്കും ലഭിച്ചതില്‍ ഏറ്റവും വലിയ സമ്പത്ത് ജീവിതമാണ്. ഇവിടെ ഒന്നിനെയും വെറുതെ സൃഷ്ടിച്ചിട്ടില്ല.
No comments:
Post a Comment