DOWNLOAD PDF
അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന് അവിടുന്ന് താക്കീതു ചെയ്തു.
മദീനയുടെ മഹത്ത്വം വിവരണാതീതമാണ്. ആ മഹത്ത്വം പറയുന്ന നിരവധി ഗ്രന്ഥങ്ങളാണ് എഴുതപ്പെട്ടിട്ടുള്ളത്. മറ്റൊരു നഗരത്തിനുമില്ലാത്ത മഹത്ത്വമാണിത്. അബ്ദുറസാഖ് സാഇദിയുടെ “മുഅ്ജമു മാ ഉല്ലിഫ അനില്‍ മദീനതില്‍ മുനവ്വറ ഖദീമന്‍ വ ഹദീസന്‍’ ഇത്തരം രചനകളുടെ വിവരങ്ങള്‍ സമാഹരിച്ച പ്രസിദ്ധമായൊരു വിജ്ഞാന കോശമാണ്. ലോകഗുരുവിന്റെ വിശുദ്ധ ഖബ്റിടത്തെക്കുറിച്ചു പാടിയപോലെ മറ്റൊരു കെട്ടിടവും സ്മാരകവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടില്ല. വിശ്വവിമോചകനെ തേടിയെത്തുന്ന പരാതികളും ആവലാതികളും അപേക്ഷകളും ലോകത്തെ ഒരു രാജാവിന്റെ സന്നിധിയിലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടാകില്ല.
വിശ്വാസികളുടെ അഭയമാണ് മദീനയും മദീനയിലെ ചക്രവര്‍ത്തിയും. വിശ്വാസം ആദ്യമധ്യാന്തം അവിടെ ബന്ധിതമാണ്. തിരുദൂതരോടുള്ള സ്നേഹത്തില്‍ തുടങ്ങുന്ന വിശ്വാസവും കര്‍മവും അവിടെ അഭയം തേടുന്ന വിനയത്തിലാണ് ഔന്നത്യം പ്രാപിക്കുക.
No comments:
Post a Comment