DOWNLOAD PDF
ചരിത്രത്തില്‍ യുദ്ധങ്ങളും പോരാട്ടങ്ങളും വിരളമല്ല. ഗോത്രം, വര്‍ഗം, രാഷ്ട്രം, മതം എന്നിവയുടെ പേരില്‍ അരങ്ങേറിയ കലാപങ്ങളും യുദ്ധങ്ങളും എണ്ണി തിട്ടപ്പെടുത്തുക അസാധ്യം. മനുഷ്യവര്‍ഗത്തിന്റെ നാളിതുവരെയുള്ള ചരിത്രം മുഴുവനും സംഘട്ടനത്തിന്റേതാണെന്ന് സിദ്ധാന്തിച്ചവര്‍ പോലും ഇവിടെയുണ്ട്. ചരിത്രത്തിലെ ഈ എണ്ണമറ്റ യുദ്ധങ്ങള്‍ക്കിടയില്‍ കേവലം ആയിരത്തി നാനൂറില്‍ താഴെയുള്ള വ്യക്തികള്‍ നടത്തിയ ഒരു പോരാട്ടത്തിന് വലിയ പ്രസക്തിയൊന്നും ഉണ്ടാകില്ല. എന്നിട്ടും എ.ഡി 624 ജനുവരിയില്‍ നടന്ന ബദ്ര്‍ യുദ്ധം ചരിത്രത്തില്‍ ഏറെ കൗതുകവും ആശ്ചര്യവും സൃഷ്ടിക്കുകയും നിരന്തരം സ്മരിക്കപ്പെടുകയും ചെയ്യുന്നു. ചില വേറിട്ട മൂല്യങ്ങളും സവിശേഷതകളും ബദ്‌റിലെ സംഘട്ടനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണിത് അരിയിക്കുന്നത്.
ഇല്ലായ്മയുടെ രോദനം മാത്രം അവശേഷിക്കുന്ന മുന്നൂറ്റിപ്പതിമൂന്ന് പേര്‍ സര്‍വ്വസന്നാഹങ്ങളുമുള്ള ആയിരങ്ങളെ പരാജയപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രത്യേക സഹായം കൊണ്ട് മാത്രമായിരുന്നു. പിന്നീടുണ്ടായ പല യുദ്ധങ്ങള്‍ക്കും ഇല്ലാതിരുന്ന സവിശേഷത ബദ്‌റിനുണ്ടായതുകൊണ്ടാണ് അല്ലാഹുവിന്റെ നേരിട്ടുള്ള സഹായം അവിടെയുണ്ടായത്. ഇസ്‌ലാമിക സമൂഹത്തിന്റെ ‘ഇഖ്‌ലാസ്’ ബദ്ര്‍പടക്കളത്തില്‍ ശരിക്കും പ്രതിഫലിച്ചിട്ടുണ്ട്. സത്യമതത്തിന്റെ സംരക്ഷണമല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മുമ്പില്‍ മരണത്തെ പേടിക്കാത്തവരുടെ ആത്മാര്‍ത്ഥതയാണ് ബദ്‌റില്‍ കാണുന്നത്. മുസ്‌ലിംകളുടെ ചലന നിശ്ചലനങ്ങളിലെല്ലാം ഇഖ്‌ലാസ് പ്രകടമായിരുന്നു. ആവേശം മൂത്ത മിഖ്ദാദുബിന്‍ അസ്‌വദ്
(റ) പ്രവാചകനെ കെട്ടിപ്പിടിച്ച് ”മൂസ പ്രവാചകനോട് ബനൂ ഇസ്രായീല്‍ പറഞ്ഞതുപോലെ ‘നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്‌തോളൂ, ഞങ്ങളിവിടെ ഇരിക്കട്ടെ’ എന്ന് ഒരിക്കലും ഈ സ്വഹാബികള്‍ പറയില്ല പ്രവാചകാ” എന്നു പറഞ്ഞ് ആനന്ദാശ്രു പൊഴിക്കുമ്പോള്‍ ഈ ഇഖ്‌ലാസാണ് നാം കാണുന്നത്. ‘അലറി വിളിക്കുന്ന തിരമാലകള്‍ ആഞ്ഞടിക്കുന്ന മഹാസമുദ്രത്തിലേക്ക് എടുത്തുചാടാനാണ് കല്‍പിക്കുന്നതെങ്കില്‍ പോലും അങ്ങയുടെ കല്‍പന ഞങ്ങളനുസരിക്കും പ്രവാചകാ’ എന്ന സഅ്ദ് ബിന്‍ മുആദി(റ)ന്റെ വാക്കുകള്‍ ചരിത്രകാരന്‍ ഒപ്പിയെടുത്തപ്പോഴും നാം ഈ ഇഖ്‌ലാസ് തന്നെയാണ് കാണുന്നത്.