DOWNLOAD PDF
മനുഷ്യ കഴിവുകളില്‍ രൂപപ്പെട്ടുവരാന്‍ കഴിയാത്ത വിധം സമഗ്രവും സമ്പുഷ്ടവുമാണ് വിശുദ്ധ ഖുര്‍ആന്‍. ഇത് ശരിവെച്ചുകൊണ്ട് അല്ലാഹു പറയുന്നു: നബിയേ, '' പറയുക, ഈ ഖുര്‍ആനിനോട് താദാത്മ്യം പ്രാപിക്കുന്ന മറ്റൊന്ന് കൊണ്ടുവരാന്‍ മനുഷ്യനും ജിന്നുകളും സംഘടിച്ചാല്‍ പോലും അവര്‍ക്ക് സാധിക്കില്ല. ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കിയാല്‍പോലും.'' (17:88)
ഈ വിശുദ്ധ വാക്യം ലോകത്തെ ഉല്‍ബോധിപ്പിക്കുന്നത് അതിഗഹനമായൊരു സത്യമാണ്. അഥവാ, രൂപത്തിലും ആകൃതിയിലും വിശുദ്ധ ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തിയുള്ള വല്ല രചനകളും നടത്താന്‍ പലര്‍ക്കും സാധിച്ചേക്കും. അറുനൂറും എഴുനൂറും പേജുകള്‍ ദൈവാസ്തിക്യത്തെകുറിച്ച് മാത്രമെഴുതാന്‍ പേന കനിഞ്ഞേക്കും. പക്ഷെ, ശൈലിയിലും സാരത്തിലും ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തുന്ന ഒരു കൊച്ചു സൃഷ്ടി രചിക്കാന്‍ പോലും ഒരാള്‍ക്കും സാധ്യമല്ല. അതിനുള്ള ശ്രമങ്ങള്‍ വൃഥാവിലാവുകയായിരിക്കും ഫലം എന്നല്ലാതെ സമൂഹത്തില്‍ അണു അളവ് പ്രതിഫലനം സൃഷ്ടിക്കാന്‍ അതിന് സാധിക്കില്ല.
വിശുദ്ധ ഖുര്‍ആന്റെ വ്യതിരിക്തമായ ഈ തന്മയത്വത്തിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, അതിന്റെ സാഹിതീയ ചാതുരി. ഇത് ഇതര രചനകളില്‍ നിന്നും അതിന്റെ തന്മയത്വം തെളിയിച്ച് കാണിക്കുന്നു. രണ്ടാമതായി, നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പുറത്തുവിട്ട പലതിനോടും ലോകമിന്ന് യോജിപ്പിലെത്തിയിരിക്കുന്നു. അഥവാ, ശാസ്ത്രീയ ദര്‍പണത്തില്‍ അവയുടെ സാധ്യത യാഥാര്‍ഥ്യമായി തെളിഞ്ഞിരിക്കുന്നു. ഇവിടെയും ഖുര്‍ആന്‍ വിസ്മയങ്ങളോടെ വേറിട്ടുനില്‍ക്കുകയാണ്. ഇവ്വിഷയകമായി അല്ലാഹു പറയുന്നു:
''പറയുക: അല്ലാഹുവിന് സ്തുതി, തന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കവ മനസ്സിലാകും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചും നിങ്ങളുടെ രക്ഷിതാവ് അശ്രദ്ധനല്ല.'' (27:93)
വിശുദ്ധ ഖുര്‍ആനിലെ ഓരോ പ്രഖ്യാപനങ്ങളും നമ്മുടെ ജീവിതത്തിന്റെ നാനാമേഖലകളിലും പ്രതിധ്വനിക്കുന്നു. പ്രപഞ്ചവും വിശുദ്ധ ഖുര്‍ആനും ദിവ്യശക്തിയുടെ ഫലമാണെന്നറിയാന്‍ ഒരു വിശ്വാസിക്ക് ഇതുതന്നെ ധാരാളമാണ്. അതിനാല്‍, മനുഷ്യ മനസ്സുകള്‍ ഇതിലൂടെ ആവാഹിച്ചെടുത്ത മാനസിക നിലവാരത്തെ പരിഗണിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:
''അവന്‍ ഖുര്‍ആനെ കുറിച്ച് ചിന്തിക്കുന്നില്ലേ, അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നായിരുന്നുവെങ്കില്‍ അവരതില്‍ അസംഖ്യം വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കുമായിരുന്നു.'' (4:82)
No comments:
Post a Comment