എത്ര ശ്രമിച്ചിട്ടും മനസ്സ് ശുദ്ധമാക്കാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികപേരും. കഠിനമായി പ്രയത്‌നിച്ചിട്ടും സാഹചര്യങ്ങളില്‍ വശംവദനായി തിന്മയുടെ മാര്‍ഗത്തില്‍ അകപ്പെട്ടുപോവുന്നു. ഇത്തരക്കാര്‍ക്ക് മനസ്സിനെ ശുദ്ധീകരിക്കാനുള്ള അഞ്ച് കാര്യങ്ങള്‍ ഇബ്‌റാഹീമുല്‍ ഖവ്വാസ്(റ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. ആ അഞ്ചു കാര്യങ്ങള്‍ പതിവാക്കിയാല്‍ മനസ്സിനെ എളുപ്പം നിയന്ത്രണവിധേയമാക്കാന്‍ പറ്റും. അദ്ദേഹം പറയുന്ന ആദ്യത്തെ കാര്യം മനസ്സറിഞ്ഞ് ഖുര്‍ആന്‍ പാരായണം നടത്തുകയെന്നതാണ്.
നിരന്തരം ഖുര്‍ആനുമായി ബന്ധപ്പെടുക. ഒഴിവു സമയങ്ങള്‍ ഖുര്‍ആന്‍ ഓത്തിന് മാറ്റിവെക്കുക. റമളാന്‍ കഴിഞ്ഞാല്‍ അടുത്ത റമളാന്‍ വരെ അല്‍പം പോലും ഖുര്‍ആന്‍ പാരായണം ചെയ്യാത്ത എത്രയോ പേരുണ്ടാകാം. അനാവശ്യ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ ഏതുവിധേനയും സമയം കണ്ടെത്തുന്നവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സമയം കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ദിവസവും നിശ്ചിത സമയം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി നീക്കിവെച്ചാല്‍ മനസ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് മഹാന്‍മാര്‍ പറയുന്നത്.
ഇബ്‌റാഹീമുല്‍ ഖവ്വാസ്(റ) നിര്‍ദേശിക്കുന്ന രണ്ടാമത്തെ പരിഹാരം ഭക്ഷണനിയന്ത്രണമാണ്. കാണുന്നതെല്ലാം ആര്‍ത്തിയോടെ വാരിവലിച്ചുതിന്നുകയല്ല വിശ്വാസിയുടെ സ്വഭാവം. ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് ആരോഗ്യം നഷ്ടപ്പെടുമെന്ന ആശങ്കയും വേണ്ട. അല്‍പം മാത്രം കഴിക്കുന്ന ശീലമുണ്ടായിരുന്ന തിരുനബി(സ്വ) നാല്‍പതാം വയസ്സിന് ശേഷമാണ് നാല്‍പതോളം യുദ്ധങ്ങളില്‍ പങ്കെടുത്തത്. പതിനാല് കിലോ വരുന്ന പടയങ്കി ധരിച്ചുവേണം അക്കാലത്ത് യുദ്ധത്തിന് പോകാന്‍. പക്ഷേ, തങ്ങള്‍ക്കോ സ്വഹാബാക്കള്‍ക്കോ അതൊരു ബുദ്ധിമുട്ടായിരുന്നില്ല. കുടവയറില്ലാത്ത ശരീരമായിരുന്നു തങ്ങളുടേത്. ഹുജ്ജതുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി(റ) പറയുന്നു:
” മനുഷ്യന്റെ വയറ് നിറഞ്ഞാല്‍ ശരീരാവയവങ്ങള്‍ക്ക് വിശപ്പ് തുടങ്ങും. വയറിന് വിശന്നാല്‍ അവയവങ്ങള്‍ക്ക് വിശപ്പടങ്ങും.”
മൂന്നാമത്തെ പരിഹാരം രാത്രി സമയത്തുള്ള നിസ്‌കാരമാണ്. ലോകം മുഴുവന്‍ സുഖമായ നിദ്രയിലാണ്ടു കഴിയുമ്പോള്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിക്കാന്‍ സാധിക്കണം. കാലില്‍ നീര് കെട്ടിയിട്ടും നിര്‍ത്താതെ രാത്രി സമയങ്ങളില്‍ നബി(സ്വ) നിസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് മഹതി ആഇശാ(റ) സാക്ഷ്യപ്പെടുത്തുന്നു. എന്തിനാണ് നബിയേ, ഇത്ര കഷ്ടപ്പെട്ട് നിസ്‌കരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ”ഞാന്‍ നന്ദി കാണിക്കുന്ന അടിമയാവണ്ടേ” എന്നായിരുന്നു ആഇശാ ബീവിക്ക് നബി(സ്വ) തങ്ങള്‍ നല്‍കിയ മറുപടി.
ഹൃദയത്തിന്റെ മരുന്നായി ഇബ്‌റാഹീമുല്‍ ഖവ്വാസ്(റ) പറയുന്ന നാലാമത്തെ കാര്യം പുലര്‍ച്ചക്ക് അല്ലാഹുവിനോട് താണുകേണ് പ്രാര്‍ഥിക്കുക എന്നതാണ്. സുബ്ഹിക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ മുമ്പ് എഴുന്നേറ്റ് വുളൂ ചെയ്ത് തഹജ്ജുദ് നിസ്‌കരിച്ച് സുബ്ഹി ബാങ്ക് കൊടുക്കുന്നതു വരെ ദിക്‌റിലും ദുആയിലുമായി കഴിഞ്ഞുകൂടുക. അതിന് രാത്രി നേരത്തെ ഉറങ്ങണം. ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ഉറക്കമിളച്ച് വെറുതെ സംസാരിച്ചിരിക്കുന്ന ശീലം നല്ലതല്ല. ഇശാഇന്ന് ശേഷം മൂന്ന് കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉറക്കമൊഴിക്കാന്‍ പാടുള്ളൂവെന്ന് മഹാന്‍മാര്‍ രേഖപ്പെടുത്തുന്നു. അറിവ് പഠിക്കാനും ഭാര്യയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാനും മസ്‌ലഹത് ചര്‍ച്ചക്കും. ഉറങ്ങുമ്പോള്‍ ദിക്‌റ് ചൊല്ലി നല്ല നിലയില്‍ കിടന്നുറങ്ങണം. ടി.വി. കണ്ടുകൊണ്ടോ പാട്ട് കേട്ടുകൊണ്ടോ ഉറക്കത്തിലേക്ക് പ്രവേശിക്കരുത്.
അഞ്ചാമത്തെ മരുന്ന് നല്ല മനുഷ്യരുമായുള്ള സഹവാസമാണ്. അവരുമായുള്ള സ്‌നേഹബന്ധവും സഹവാസവും ഹൃദയത്തെ ശുദ്ധീകരിക്കാനും അവരില്‍ നിന്ന് നല്ല ശീലങ്ങള്‍ പകര്‍ത്താനും ഉപകരിക്കും. നബി(സ്വ) പറയുന്നു: ”ഓരോ വ്യക്തിയും അവന്റെ സുഹൃത്തിന്റെ നയനിലപാടുകള്‍ക്കനുസരിച്ചായിരിക്കും ഉണ്ടാവുക. അതിനാല്‍ ആരെ സുഹൃത്താക്കണമെന്നത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.”
ഇങ്ങനെ മനസ്സിനെ ശുദ്ധീകരിക്കാനും നമ്മുടെ മക്കളെയും ചെറുപ്പക്കാരെയും നന്മയുടെ വഴിക്ക് നടത്താനും സാധിക്കണം. മക്കളെ വളര്‍ത്തുന്ന രീതിയെ കുറിച്ച് മഹാന്‍മാര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ആദ്യത്തെ ഏഴുവര്‍ഷം മക്കളെ കളിപ്പിക്കണം, പിന്നീടുള്ള ഏഴുവര്‍ഷം അവരെ സംസ്‌കാരം പഠിപ്പിക്കണം, പിന്നീടുള്ള ഏഴുവര്‍ഷം അവരോട് സഹവസിക്കണം, പിന്നെ അവരെ അവരുടെ വഴിക്ക് വിടണം(സിംസാറുല്‍ ഹഖ് ഹുദവി:islamonweb.net)
No comments:
Post a Comment