ഔലിയാക്കന്മാരുടെ നേതാവ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ മുസ്‌ലിം ലോകം പ്രത്യേകമായി ഓര്‍മിക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍. ഹിജ്‌റ വര്‍ഷം 470 റമസാന്‍ ഒന്നിന് പേര്‍ഷ്യയിലെ ‘ഗീലാന്‍’ പ്രദേശത്താണ് ശൈഖ് ജീലാനിയുടെ ജനനം. പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും വംശപരമ്പര ചെന്നെത്തുന്നു. ഇങ്ങനെ രണ്ട് വഴിയിലൂടെയും സയ്യിദ് പദവിയിലെത്തി ശൈഖ്.
ആഴ്ചയില്‍ മൂന്ന് തവണയെന്ന നിലയില്‍ ശൈഖ് ജീലാനി മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ട് ഇസ്‌ലാം മതം സ്വീകരിച്ച നിരവധി പേര്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകളിലാകട്ടെ, പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുകളാണ് ശൈഖിന്റെ മതപ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ലോകം ദര്‍ശിച്ചത്. ധാര്‍മികമായും ആത്മീയമായും ഏറെ അകന്ന ഒരു സമൂഹത്തിലേക്ക് അല്ലാഹുവിന്റെ നിയോഗം പോലെ ശൈഖവര്‍കള്‍ കടന്നുചെന്ന് ദീനിനും സമൂഹത്തിനും നവജീവന്‍ നല്‍കുകയായിരുന്നു. ‘മുഹ്‌യിദ്ദീന്‍’ (മതത്തിന്റെ പുനരുദ്ധാരകന്‍) എന്ന് ശൈഖ് ജീലാനി അറിയപ്പെട്ടതും ഇതു കൊണ്ടാണ്.
മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ഗുണഗണങ്ങളും കറാമത്തുകളും കോര്‍ത്തിണക്കി, അറബിയിലും ഇതര ഭാഷകളിലുമായി നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സദഖത്തുല്ലാഹില്‍ ഖാഹിരി (റ) രചിച്ച ‘ഖസീദത്തുല്‍ ഖുതുബിയ്യത്ത’ും വിശ്വവിഖ്യാതമായ മുഹ്‌യിദ്ദീന്‍ മാലയുമെല്ലാം ഉദാഹരണങ്ങള്‍. അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവും ചരിത്രപണ്ഡിതനുമായിരുന്ന കോഴിക്കോട്ടെ ഖാസി മുഹമ്മദ് ആണ് മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ്. അറബിമലയാള ഭാഷയില്‍ വിരചിതമായ മുഹ്‌യിദ്ദീന്‍മാല ഭക്തികാവ്യ വിഭാഗങ്ങളില്‍പ്പെട്ട മാലപ്പാട്ടുകളില്‍ കണ്ടുകിട്ടിയേടത്തോളം ഏറ്റവും പഴക്കമുള്ളതാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ അധ്യാത്മരാമായണം രചിക്കുന്നതിന്റെ അഞ്ച് വര്‍ഷം മുമ്പ് രചിക്കപ്പെടുക വഴി മഹത്തായ മാപ്പിള പാരമ്പര്യത്തിലെ ജീവിച്ചിരിക്കുന്ന ഉദാഹണം കൂടിയാണ് മുഹ്‌യിദ്ദീന്‍ മാല. ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ പതിനൊന്നിനാണ് ശൈഖ് ജീലാനി വഫാത്തായത്. 91-ാം വയസ്സിലായിരുന്നു അവിടുത്തെ വിയോഗം. പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമാണ് ബഗ്ദാദിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ മഖ്ബറ.
അദ്ദേഹത്തിന്റെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്ക് വിജയം നല്‍കട്ടെ.
No comments:
Post a Comment