മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.
പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്ലോക് എല്ലിസ് പറയുന്നു: "പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും''.
ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.
മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: "നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്''(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: "സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്''(അബൂദാവൂദ്).
No comments:
Post a Comment