സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമി(അ)ന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക! ഈ ലോകത്ത് അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. തീര്‍ച്ച, പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കും.(2:130)
ഖലീലുല്ലാഹ്(ദൈവമിത്രം) എന്ന വിശേഷണത്തിലൂടെ പ്രശസ്തനായ ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തിലെ ത്യാഗോജ്ജ്വലമായ ധന്യമുഹൂര്‍ത്തങ്ങള്‍ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഭേദ്യമായ സ്‌നേഹോഷ്മതകളുടെ അണയാത്ത സ്മരണകളായി ഇന്നും ത്രസിച്ചു നില്‍ക്കുന്നു. വലിയ സമര്‍പ്പണ ബോധത്തോടെയാണ് പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ അദ്ദേഹം അചഞ്ചലനായിനിന്നത്. പ്രതിലോമസാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും തന്റെ വിശ്വാസ ആദര്‍ശങ്ങളില്‍ മായം ചേര്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല.
ത്യാഗത്തിന്റെ ‘ആത്മബലിയായിരുന്നു സ്മര്യപുരുഷന്റെ ജീവിതം. സ്വന്തത്തെ ബലി നല്‍കിയ അദ്ദേഹം തന്റെ ഇഷ്ട സന്താനത്തെ ബലിനല്‍കാന്‍ ദൈവകല്‍പനയുണ്ടായപ്പോള്‍ ഒട്ടും അമാന്തിച്ചില്ല. മൂര്‍ച്ചകൂട്ടി പാകപ്പെടുത്തിയ കഠാരയുമായി പിഞ്ചോമനയുടെ കയ്യും പിടിച്ച് മലകയറി. ലോകം ഞെട്ടിവിറങ്ങലിച്ച ദിവസമായിരുന്നു അത്. പരീക്ഷണത്തില്‍ വിജയിച്ച അദ്ദേഹത്തെ അല്ലാഹു തന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ അത്യുന്നതനാക്കി. തന്റെ അനുഗ്രഹീത ഗേഹത്തിന്റെ പുനര്‍നിര്‍മാണത്തിനു അനുമതി നല്‍കുകയും അവിടുത്തെ ചര്യ ഋജുവും സുവിദിതവുമായ പന്ഥാവാക്കി ലോകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയും ചെയ്തു.
അല്ലാഹുവില്‍ വിശ്വസിച്ച് വിധിവിലക്കുകള്‍ അനുസ്മരിച്ച് ജീവിക്കുന്ന സമൂഹത്തിന് ‘ഉമ്മത്ത് മുസ്‌ലിമ’ (മുസ്‌ലിം സമൂഹം) എന്ന നാമകരണം നടത്തിയത് ഇബ്രറ്ഹീം നബി(അ)യാണെന്ന് ഖുര്‍ആനിലെ 22-ാം അധ്യായം 78-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് പ്രമുഖ താബിആയ ഹസനുല്‍ ബസ്വ്‌രി(റ) രേഖപ്പെടുത്തുന്നുണ്ട്. ലോകാവസാനം വരെയുള്ള സത്യവിശ്വാസികളെ ദേശഭാഷ ലിംഗവര്‍ണാശ്രമങ്ങള്‍ക്കതീതമായി ഒരുമിപ്പിക്കുകയും ദൃഢമായ വിശ്വാസത്തിന്റെ ചരടുകള്‍കൊണ്ട് കോര്‍ത്തിണക്കുകയും ചെയ്യുന്ന ഒരു പ്രായോഗമാണത്. അതോടൊപ്പം മുസ്‌ലിം സ്വത്വത്തെ നിര്‍ണയിക്കുന്ന പല ആചാരാനുഷ്ഠാനങ്ങള്‍ക്കും നാന്ദികുറിച്ചതും അദ്ദേഹം തന്നെ. അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഖുര്‍ആന്‍ പലയിടങ്ങളിലായി നമ്മോട് കല്‍പ്പിക്കുന്നുണ്ട്. ( അബ്ദുര്‍റഹ്മാന്‍ ഹുദവി)
No comments:
Post a Comment