DOWNLOAD PDF
അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍
മനസ്സും ശരീരവും സന്തോഷത്തില്‍ ആറാടുമ്പോഴും വിശ്വാസിയുടെ അധരത്തില്‍ നിന്നുയരുന്നത് വിനയത്തിന്റെ തക്ബീര്‍ ധ്വനികളാണ്. അല്ലാഹുവിനെ ഈ നിമിഷത്തിലും അവന്‍ ഓര്‍ക്കുമ്പോള്‍ ഉടമയും അടിമയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാകുന്നു. സ്രഷ്ടാവിന് തന്റെ ദാസനോടുള്ള സ്നേഹം കൂടുതലാകുന്നു. ധിക്കാരത്തിന്റെ സ്വരത്തില്‍ നിന്ന് അടിമ എന്ന മഹോന്നത പദവിയിലേക്ക് മനുഷ്യന്‍ ഉയരുന്നു. തനിക്കൊന്നിനും കഴിയില്ലെന്ന അവന്റെ നിസ്സഹായാവസ്ഥ അവനെ സ്വര്‍ഗീയമായ ഔന്നിത്യത്തിലേക്ക് വഴിനടത്തുന്നു. ഈ സന്തോഷത്തിന്റെയും നന്ദിയുടെയും ഉദാത്തമായ വചനമാണ് തക്ബീര്‍. സന്തോഷ നിമിഷങ്ങളില്‍ തക്ബീര്‍ പുണ്യകരമാണെന്നു മതം പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. അല്ലാഹുവിനെ മതിമറന്ന് ആഘോഷം പാടില്ലെന്ന ഉദ്ഘോഷമാണ് അല്ലാഹു അക്ബര്‍ ആയി മുഴങ്ങുന്നത്.
പെരുന്നാളില്‍ രണ്ടുവിധം തക്ബീറുകളാണ് പണ്ഡിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന്: തക്ബീര്‍ മുര്‍സല്‍. എല്ലാ സമയത്തും സുന്നത്തുള്ള തക്ബീറാണിത്. ഇരു പെരുന്നാളിലും ഇങ്ങനെ തക്ബീര്‍ ചൊല്ലുന്നത് വളരെ പുണ്യമുള്ളതാണ്. രണ്ട്: തക്ബീര്‍ മുഖയ്യദ്. നിസ്കാരശേഷം മാത്രം ചൊല്ലുന്ന ഇത് ബലിപെരുന്നാളില്‍ മാത്രമേ സുന്നത്തുള്ളൂ. അതുകൊണ്ടുതന്നെ ബലിപെരുന്നാളില്‍ നിസ്കാരാനന്തരം മറ്റു ദിക്റുകള്‍ക്ക് മുമ്പാണ് തക്ബീര്‍ ചൊല്ലേണ്ടത്. ചെറിയ പെരുന്നാളില്‍ ശേഷവും. ചെറിയ പെരുന്നാളില്‍ പെരുന്നാള്‍ രാവിലെ മഗ്രിബ് മുതല്‍ പെരുന്നാള്‍ നിസ്കാരം തുടങ്ങുന്നതുവരെ മുഴുവന്‍ സമയങ്ങളിലും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് (തുഹ്ഫ).
വിശുദ്ധ ഖുര്‍ആനില്‍ തക്ബീര്‍ പരാമര്‍ശിക്കുന്നതു കാണാം: വിശുദ്ധ റമളാന്‍ മാസം പൂര്‍ത്തീകരിക്കാനും നിങ്ങളെ ധര്‍മപന്ഥാവിലൂടെ വഴിനടത്തിയ അല്ലാഹുവിനു തക്ബീര്‍ ചൊല്ലി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാന്‍ (2185).
നാഫിഅ്(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) ഇരു പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന് പോകാറുള്ളത് ഫള്ല്‍, അബ്ദുല്ലാഹ്, അലി, ജഅ്ഫര്‍, ഹസന്‍, ഹുസൈന്‍, ഉസാമ, സൈദ്, അയ്മന്‍ (റ.ഹും) തുടങ്ങിയ സ്വഹാബികളോടു കൂടെ ഉച്ചത്തില്‍ തക്ബീറും തഹ്ലീലും മുഴക്കിക്കൊണ്ടാണ്.
പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഞാനേറെ ഇഷ്ടപ്പെടുന്നുവെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പെരുന്നാളുകളെ തക്ബീറുകള്‍ കൊണ്ട് ഭംഗിയാക്കുക (ത്വബ്റാനി).
No comments:
Post a Comment