ഭിന്നിച്ചുകഴിയുന്ന മനുഷ്യരെ ഒന്നിപ്പിക്കാന്‍ വന്ന മതമാണ് ഇസ്‌ലാം.
വിവിധ ദൈവങ്ങളിലേക്കും സിംബലുകളിലേക്കും തിരിഞ്ഞുനിന്നവരെ ഒരു ദൈവത്തിലേക്കും ഖിബ്‌ലയിലേക്കും
തിരിച്ചുനിര്‍ത്തി. ഒരു വിശ്വാസവും വേദഗ്രന്ഥവും സംസ്‌കാരവും സമ്മാനിച്ചു.
പാരസ്പര്യത്തിന്റെ ഇഷ്ടികകളില്‍ ബന്ധിതമായ സുന്ദരസൗധമായി മുസ്‌ലിം ഉമ്മത്ത്
വാഴ്ത്തപ്പെട്ടു. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ പോലെ സുഖ ദു:ഖങ്ങളും
നിലപാടുകളുമെല്ലാം പങ്കുവെച്ചു. ഇത് കണ്ട് ശത്രുക്കള്‍ പോലും പറഞ്ഞു: മുസ്‌ലിംകള്‍
ഒരു ഏകശിലാ രൂപം തന്നെ!.
ഈ സമുദായത്തിലാണ് പിന്നീട് ശൈഥില്യത്തിന്റെ വിഷവിത്തുകള്‍
പൊട്ടിമുളച്ചതും കെട്ടുറപ്പുള്ള ഈ സമുഛയത്തിനു വിള്ളല്‍ വീഴ്ത്തിയതും. ഏറെ
ആശ്ചര്യവും ദു:ഖവും കലര്‍ന്ന രംഗമാണിത്. ഛിദ്രശക്തികള്‍ നുഴഞ്ഞുകയറി സമുദായത്തെ
ഛിന്നിഭിന്നമാക്കാന്‍ ശ്രമിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെ വിശുദ്ധ
ഖുര്‍ആനും തിരുനബി(സ)യും ഭിന്നിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി. അതിന്റെ
വക്താക്കളെക്കുറിച്ചും ഭവിഷത്തുകളെക്കുറിച്ചും സമുദായത്തെ ഉണര്‍ത്തി. അല്ലാഹു
പറയുന്നു: ‘നിങ്ങളൊന്നിച്ച്
അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. നിങ്ങള്‍
അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക.
അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍
നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (ഖുര്‍ആന്‍ 3:103)
അല്ലാഹുവിന്റെ പാശം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് മുസ്‌ലിംകളുടെ
പൊതു കൂട്ടായ്മ (അല്‍ജമാഅ) യാണെന്ന് ഇബ്‌നു മസ്ഊദ്(റ) വ്യക്തമാക്കിയിട്ടുണ്ട്.
(തഫ്‌സീര്‍ ദുര്‍റുല്‍ മന്‍സൂര്‍). മുസ്‌ലിം മുഖ്യധാരയുടെ കൂടെ നില്‍ക്കണമെന്നും
അതില്‍ നിന്നു ഭിന്നിച്ചു പോകരുതെന്നുമുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഈ
ആശയം ശരിക്കും ഉള്‍ക്കൊണ്ടവരായിരുന്നു ഇസ്‌ലാമിന്റെ ഒന്നാം തലമുറ. പ്രവാചക
ശിക്ഷണത്തില്‍ വളര്‍ന്ന അവര്‍ ഒരു മെയ്യും മനസ്സും പോലെ പ്രവര്‍ത്തിച്ചു.
പ്രവാചകനു ശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍
ഉണ്ടായിരുന്നെങ്കിലും അതവരുടെ വിശ്വാസാദര്‍ശങ്ങളെ ബാധിച്ചിരുന്നില്ല എന്നത്
ശ്രദ്ധേയമാണ്. പരസ്പരം മതഭ്രഷ്ടും മാര്‍ഗ്ഗഭ്രംശവും, ആരോപിക്കുന്ന ഒരവസ്ഥ അവരില്‍ ഉണ്ടായില്ല.
No comments:
Post a Comment