DOWNLOAD PDF
അബൂദര്‍റ്(റ) പ്രസ്താവിക്കുന്നു: നബി തിരുമേനി അരുളി: ”ഒരു മുസ്‌ലിം ദാസന്‍ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു നിസ്‌കരിച്ചാല്‍ മരത്തില്‍നിന്നും ഇലകള്‍ കൊഴിഞ്ഞുവീഴുന്നതുപോലെ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ്” (അഹ്മദ്).
നിസ്‌കാരത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു തിരുവചനമാണിത്. ശൈത്യകാലത്ത് ചില മരങ്ങളുടെ ഇലകള്‍ മുഴുവനും കൊഴിഞ്ഞുപോകും. അത്തരം ഒരു മരത്തിന്റെ കൊമ്പു പിടിച്ചു ഇലകള്‍ മുഴുവനും കൊഴിഞ്ഞുപോകുന്നത് അബൂദര്‍റിന് നേരില്‍ കാണിച്ചുകൊടുത്ത ശേഷം തിരുമേനി പറഞ്ഞ നീണ്ട ഹദീസിന്റെ അവസാന ഭാഗമാണിത്. നിസ്‌കാരംവഴി മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണെന്ന് സൂചിപ്പിക്കുകയാണിവിടെ.
ദീനിന്റെ നെടുംതൂണാകുന്നു നിസ്‌കാരം. പ്രായപൂര്‍ത്തിയെത്തിയ സ്ഥിരബുദ്ധിയുള്ള എല്ലാ മുസ്‌ലിമും ദിനേനെ അഞ്ചു നേരങ്ങളില്‍ ഇത് നിര്‍ബന്ധമായും നിര്‍വ്വഹിക്കണം. രോഗിയായിരിക്കുമ്പോഴും സമരമുഖത്ത് ശത്രുക്കളുമായി ഘോരഘോരം ഏറ്റുമുട്ടുമ്പോഴും നിസ്‌കാരം ഉപേക്ഷിക്കാന്‍ ആര്‍ക്കും അനുവാദമില്ല. കാരണം, അത് ഉപേക്ഷിക്കുന്നവന്‍ ദീനിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
ഒരു മുസ്‌ലിം ദാസന്‍ പ്രപഞ്ചനാഥനുമായി മുഖാമുഖം നില്‍ക്കുന്ന സുപ്രധാന സന്ദര്‍ഭമാണ് നിസ്‌കാരം. അതിനാല്‍ അതീവശ്രദ്ധയും ആത്മാര്‍ത്ഥതയും മനസ്സാന്നിദ്ധ്യവും നിസ്‌കാരത്തില്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ പ്രീതി മാത്രമേ ലക്ഷ്യമാക്കാവൂ. അല്ലെങ്കില്‍ അത് പുണ്യകര്‍മ്മമായി പരിഗണിക്കപ്പെടുകയില്ല. അത്തരം നിസ്‌കാരങ്ങള്‍ക്ക് പാപമോചനം ലഭിക്കുന്നതുമല്ല.
No comments:
Post a Comment