DOWNLOAD PDF
അറഫ പ്രദേശത്ത് കൂടിയവര്‍ ആത്മീയതയുടെ നിറവിലാണ്. ആഘോഷത്തിന്‍റെ ബാഹ്യ ചടങ്ങുകളിലേക്ക് പെട്ടെന്ന് മാറാനാവാത്ത വിധം ആത്മീയ ധന്യതയുടെ പടവുകള്‍ കീഴടക്കിയുള്ള പുണ്യങ്ങളുടെ കൊയ്തെടുപ്പിലായിരിക്കും ഹാജിമാര്‍. അതില്‍നിന്നും ആഘോഷവിചാരത്തിലേക്കൊരു മാറ്റം എളുപ്പമാവില്ല. അതാണ് ഹജ്ജ് വേളയില്‍ പെരുന്നാള്‍ കര്‍മങ്ങളോ ചടങ്ങുകളോ ഹാജിമാരോട് നിര്‍ദേശിക്കാത്തത്. ബലിദാനം മാത്രമാണിതിനപവാദം. അതാകട്ടെ കൃത്യമായി അതിന്‍റെ ചരിത്രഭൂമിയില്‍ തന്നെ അനുഷ്ഠിക്കാന്‍ കഴിയുന്നു എന്ന അസുലഭാവസരമുണ്ട് ഹാജിമാര്‍ക്ക്.
ഹാജിമാരോട് ഒരു ദിവസത്തെ നോമ്പനുഷ്ഠിച്ച് ഐക്യപ്പെട്ട ശേഷമാണ് വിശ്വാസികള്‍ ബലി പെരുന്നാളിലേക്ക് കടക്കുന്നത്. ചെറിയ പെരുന്നാളിന് ആമുഖമായി വിശ്വാസികളെല്ലാം നോമ്പെന്ന അത്യുത്തമമായ ഒരു അനുഷ്ഠാനത്തിലൂടെ സമര്‍പ്പണ സാഫല്യം നേടുന്നുണ്ട്. എന്നാല്‍ ബലി പെരുന്നാളില്‍ പ്രതീകാത്മകതയും ഐക്യപ്പെടലുമാണുള്ളത്. ഓരോ വര്‍ഷത്തെയും ഹാജിമാരോട് മാത്രമല്ല അത് ബന്ധപ്പെടുന്നത്. ഹജ്ജിന്‍റെയും ബലിയുടെയും ചരിത്രവും മാതൃകയും ഉടക്കിനില്‍ക്കുന്ന ഒരു കുടുംബത്തോടാണ്. ബലി പെരുന്നാളിന്‍റെ ചൈതന്യം ആ കുടുംബമനുഭവിച്ച ത്യാഗജീവിത സ്മരണയില്‍ ഉയിരെടുത്തതു കൂടിയത്രെ.
പെരുന്നാളിന്‍റെ ചൈതന്യം വിശ്വാസി ലോകത്തെ മുഴുവനും കടാക്ഷിക്കുന്നതാണ്. പാവപ്പെട്ടവനും പണക്കാരനും ദുഃഖിതനും സന്തുഷ്ടനും രോഗിക്കും ആരോഗ്യവാനും ആണിനും പെണ്ണിനും പെരുന്നാള്‍ പുണ്യം പ്രാപ്യമാണ്. കാരണം പെരുന്നാളിന്‍റെ അനുഷ്ഠാനങ്ങള്‍ക്കൊന്നും മനുഷ്യന്‍റെ ആകുലതകള്‍ പ്രതിബന്ധമാവില്ല. പെരുന്നാള്‍ദിനത്തിലെ തക്ബീറുകള്‍, നിസ്കാരം എന്നിവ ഏതു ദുഃഖിതനും നിര്‍വഹിക്കാവുന്നതും പുണ്യം നേടാവുന്നതുമാണ്.
No comments:
Post a Comment