ഉപദേശങ്ങളുടെ സമൃദ്ധത
നബിയുടെ ഉപദേശങ്ങൾ ആശയസമൃദ്ധവും സമ്പന്നവുമായിരുന്നു. ആരെയും മടുപ്പിക്കാതെ സാഹചര്യം ഉൾക്കൊണ്ട ഭാഷ്യങ്ങളായിരുന്നു അവയെല്ലാം. ജവാമിഉൽ കലീം എന്ന പേരിൽ ഹദീസ് ഗ്രന്ഥങ്ങളിൽ അത്തരം ഉപദേശങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു തെറ്റ് കാണുമ്പോൾ ആ വ്യക്തിയെ പരാമർശിക്കാതെ പ്രസ്തുത തെറ്റിനെ മാത്രം സൂചിപ്പിച്ച് കൊണ്ടായിരുന്നു നബിയുടെ സംസാരം. നിസ്‌കാരത്തിൽ കണ്ണ് മേൽ ഭാഗത്തേക്ക് ഉയർത്തുന്നയാളെ കണ്ടപ്പോൾ നബി(സ്വ) പറഞ്ഞതിങ്ങനെ: എന്താണ് ചില ആളുകളുടെ കഥ! നിസ്‌കാരത്തിൽ അവർ കണ്ണ് മേൽഭാഗത്തേക്ക് ഉയർത്തുന്നു,
തലയുയർത്തി പിടിച്ച് നിൽക്കണമെന്നാണ് നബി(സ്വ)യുടെ ഉപദേശം. സ്ഥൈര്യവും ധീരതയും സമർപ്പണവും കൈവിട്ട് പോവരുത്. ഏത് പ്രതിസന്ധിയിലും തളരരുത്. ‘നിങ്ങൾ പ്രവർത്തിക്കുക. നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവും പ്രവാചകനും സത്യവിശ്വാസികളും കാണുന്നു. രഹസ്യ-പരസ്യങ്ങളറിയുന്ന അല്ലാഹുവിലേക്ക് നിങ്ങളെ മടക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചതെല്ലാം അവൻ നിങ്ങളെ ബോധ്യപ്പെടുത്തും എന്ന് നബിയേ നിങ്ങൾ പറയുക’ (തൗബ 105). ഖുർആനിന്റെ ഈ ബോധനമാണ് നബിതിരുമേനി ജീവിതം കൊണ്ട് തെളിയിച്ചതും. അനസുബ്‌നു മാലിക്(റ) നിവേദനം: ഖബറിനരികിൽ ഇരുന്ന് കരയുന്ന ഒരു സ്ത്രീയുടെ അരികിലൂടെ തിരുനബി നടന്നുപോയി.
നബി(സ്വ)പറഞ്ഞു: അല്ലാഹുവിനെ പേടിക്കുക, ക്ഷമിക്കുക. ഇതുകേട്ട സ്ത്രീയുടെ പ്രതികരണം: എന്റെ പ്രയാസം നിങ്ങൾക്കുണ്ടായിട്ടില്ല (നബിയെ തിരിച്ചറിയാതെയായിരുന്നു പ്രസ്തുത മറുപടി). നബിയാണുപദേശിച്ചതെന്ന് പിന്നീട് അറിഞ്ഞ സ്ത്രീ നബിയുടെ വീട്ടിലെത്തി ക്ഷമചോദിച്ചു. നബിയുടെ പ്രതികരണം ഇങ്ങനെ: ‘ക്ഷമ പ്രയാസത്തിന്റെ ആദ്യഘട്ടത്തിലാവണം”(ബുഖാരി, മുസ്‌ലിം). ക്ഷമയെ കുറിച്ചും അതുണ്ടാവേണ്ട സമയത്തെ കുറിച്ചും നിരവധി തത്ത്വങ്ങളാണ് മഹാന്മാർ പഠിപ്പിച്ചത്. വിവേകത്തിൽ നിന്നാണ് ക്ഷമയുടെ ഉത്ഭവം. പരീക്ഷണങ്ങളിൽ, ആരാധനകളിൽ, ദോഷങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതിൽ തുടങ്ങി വിവിധ ഇനം ക്ഷമകളുണ്ട്. അവയെല്ലാം പ്രശ്‌നങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെയാവണമെന്നാണ് ഇവിടുത്തെ പാഠം. അല്ലാതിരുന്നാൽ സംഭവിക്കുന്ന കുറവുകളെ കുറിച്ചും ഇതിൽ സന്ദേശമുണ്ട്.
ഭാര്യമാരുമായുള്ള ലൈംഗികതക്ക് പ്രതിഫലമുണ്ടെന്ന് പറഞ്ഞപ്പോൾ സ്വഹാബത്തിന് ആശ്ചര്യം. അതെങ്ങനെ? അവരുടെ ചോദ്യം കേട്ട നബി(സ്വ) പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു: ഈ ലൈംഗികത നിഷിദ്ധമാർഗത്തിൽ ഉപയോഗിച്ചാൽ കുറ്റമുണ്ടാവുമോ? സ്വഹാബത്തിന്റെ പ്രതികരണം: അതേ! എങ്കിൽ അനുവദനീയമാവുമ്പോൾ പ്രതിഫലവും ലഭിക്കണം (മുസ്‌ലിം, മുസ്‌നദ് അഹ്മദ്). മറ്റൊരു ഉപദേശം ഇങ്ങനെ: രണ്ടു കാലിനും താടിയെല്ലിനുമിടയിലുള്ള അവയവങ്ങളുടെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വം ഏൽക്കുന്നവർക്ക് സ്വർഗം കൊണ്ട് ഞാൻ ഉത്തരവാദിത്വമേൽക്കാം. നാവിനെയും ഗുഹ്യഭാഗത്തെയും സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഇവിടുത്തെ സൂചന. രണ്ട് സന്ദേശമാണ് ഇവിടെ കരാർ നൽകുന്നത്. സ്വർഗവും നബിയുടെ സഹവാസവും. പ്രബോധിതരുടെ മനം നിറയെ ആശയും സന്തോഷവും സംതൃപ്തിയും നിറയുന്ന ആയിരക്കണക്കിന്ന് ഉപദേശങ്ങൾ ഇത്തരത്തിലുണ്ട്. വിശ്വാസികൾക്ക് വഴിവിളക്കാണ് അതെല്ലാം.
No comments:
Post a Comment