ആത്മീയ സദസ്സുകളുടെ പൈതൃകം
പരിശുദ്ധ വിശ്വാസവും കര്‍മങ്ങളും വൈകല്യമില്ലാതെ സംരക്ഷിക്കാന്‍ ആത്മീയതയുടെ അകമ്പടി അനിവാര്യമാണ്. നവീന ആശയങ്ങളും വികല നയങ്ങളും യുക്തിവാദവും മനുഷ്യഹൃദയങ്ങളെ ഭൗതികതയിലേക്ക് മാത്രമാണ് നയിക്കുന്നത്. പാരമ്പര്യത്തില്‍ വ്യതിചലനമില്ലാതെ, ആത്മീയ ശുദ്ധീകരണത്തിനുളള മാര്‍ഗമാണ് വിജയമാര്‍ഗം. അല്ലാഹുവിനെ അറിഞ്ഞ് ജീവിച്ച മഹാന്മാരുടെ നിര്‍ദേശ പ്രകാരം ആത്മീയ സദസ്സുകളാല്‍ സമ്പന്നമാണ് കേരള മുസ്‌ലിം പൈതൃകം. നൂറ്റാണ്ടുകളായി സ്വാലിഹീങ്ങളുടെ നിര്‍ദേശ പ്രകാരം സ്ഥാപിച്ചു നടന്നുവരുന്ന ദിക് റ്, സ്വലാത്ത് മജ്‌ലിസുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മനുഷ്യ സമൂഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ആത്മീയ വഴിയിലൂടെ പരിഹാരം കണ്ടെത്തുകയെന്നതാണ് ഇതിലൂടെ നേടിയെടുക്കുന്ന നേട്ടം. തിരുനബി(സ്വ)യുടെ വിശുദ്ധ മാതൃക, അവ അനുധാവനം ചെയ്ത് അനുചരന്‍മാരിലൂടെ പ്രചരിപ്പിച്ച പവിത്ര പാതയാണ് നമ്മുടെ ആത്മീയ വഴി.
അസ്വ്ഹാബുല്‍ ബദര്‍: സ്മരണ
വിശ്വാസിയുടെ ഹൃദയവികരമാണ് ബദ്‌രീങ്ങള്‍. ആത്മീയമേഖലയില്‍ ബദ്‌രീങ്ങളുടെ മഹത്വത്തില്‍ സംശയിക്കേണ്ടതേയില്ല. വിശുദ്ധ ഇസ്‌ലാമിന്റെ ഏറ്റവും ആദ്യത്തെ സംരക്ഷകരായ അവര്‍ മുസ്‌ലിം ലോകത്തിന്റെ എക്കാലത്തെയും വലിയ സംരക്ഷകരാണ്. പ്രവാചകന്മാര്‍ കഴിഞ്ഞാല്‍ മാനവസമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠനെന്നു പണ്ഡിതന്മാര്‍ പരിചയപ്പെടുത്തിയ അബൂബക്കര്‍ (റ) മുതലുള്ള അതിശ്രേഷ്ഠരായ മുന്നൂറില്‍പരം വരുന്ന വിശ്വാസത്തിന്റെ അഗ്‌നിജ്വാലകളാണവര്‍. ഇഷ്ടമുള്ളത് ചെയ്യാം, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തന്നിരിക്കുന്നുവെന്നാണ് അല്ലാഹു അവരോട് പറഞ്ഞത്. തെറ്റുചെയ്യുന്നതിനു മുമ്പ് തന്നെ പ്രപഞ്ചനാഥന്‍ മാപ്പു നല്‍കിയ മറ്റൊരു വിഭാഗം അവന്റെ അടിമകളില്‍ വേറെയില്ല. അതോടൊപ്പം അവരില്‍നിന്ന് തെറ്റു സംഭവിക്കില്ലെന്നതിന്റെ സൂചനകൂടിയാണിത്. ബദ്‌റില്‍ പങ്കെടുത്തവരോട് നബി തിരുമേനിക്കു തന്നെ എത്ര വലിയ ആദരവായിരുന്നു. മക്ക ജയിച്ചടക്കാന്‍ അതീവ രഹസ്യമായി നബി(സ) തയ്യാറാക്കിയ പദ്ധതികള്‍ മക്കക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു പിടിക്കപ്പെട്ട ഹാത്വിബ്(റ)വിനെ ബദ്‌റില്‍ പങ്കെടുത്തവരാണെന്ന മഹത്വം ബോധ്യപ്പെടുത്തിയാണല്ലോ തിരുനബി(സ) രക്ഷപ്പെടുത്തിയത്.
തിരുനബി(സ)യുടെ കാലത്ത് നടന്ന കല്യാണ പന്തലിലെ ‘ബദ്ര്‍ പാട്ട്’ ഇമാം ബുഖാരി(റ)രേഖപ്പെടുത്തിയിട്ടുണ്ട്.പ്രമുഖ സ്വഹാബി വനിത ബീവി റുബിയ്യിഅ്(റ)യുടെ വിവാഹ ദിവസം തിരുനബി(സ) കല്യാണ വീട്ടിലേക്ക് വന്നു. ബദ്ര്‍ ശുഹദാഇനെ കുറിച്ച് കുട്ടികള്‍ ദഫ് മുട്ടി പാടുന്ന വേളയിലാണ് പ്രവാചകരുടെ ആഗമനം. പ്രവാചകരെ കണ്ടതോടെ ‘വരാനിരിക്കുന്ന കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളിലുണ്ട്’ എന്നര്‍ഥം വരുന്ന ഗാനം സദസ്സില്‍ നിന്ന് പാടാന്‍ തുടങ്ങി. ഇതു കേട്ട പ്രവാചകര്‍ ഇപ്പോള്‍ തുടങ്ങിയത് നിര്‍ത്താനും ബദ്ര്‍ പാട്ട് തന്നെ പാടാനും കല്‍പിച്ചു. അസ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങള്‍ പാരായണം ചെയ്യുന്നതും എഴുതി സൂക്ഷിക്കുന്നതും പുണ്യമാണ്. ഹിജ്‌റ 205ല്‍ വിടപറഞ്ഞ പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് അബ്ദു സുലൈമാന്‍ ദാറാനി(റ) പറയുന്നു: ബദ്‌രീങ്ങളുടെ നാമങ്ങള്‍ പാരായണം ചെയ്തു കൊണ്ടുള്ള പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. ഇക്കാര്യം നിരവധി ഹദീസ് പണ്ഡിതന്മാരില്‍ നിന്ന് നാം കേട്ടിട്ടുണ്ട്.
സദസ്സുകളുടെ രീതി
പാരമ്പര്യമായി ചൊല്ലിവരുന്ന ബദ്‌രിയ്യത്തുല്‍ മന്‍ഖൂസ്വിയ്യ എന്ന ബദര്‍ ബൈത്താണ് മജ്‌ലിസുന്നൂറില്‍ ചൊല്ലുന്നത്. ബദ്‌രീങ്ങളുടെ നാമങ്ങള്‍ ഉരുവിടുന്ന അറുപത് വരികളാണ് ഈ ബൈത്തുകള്‍.തുടക്കത്തില്‍ ഏഴ് ഫാതിഹ പാരായണം ചെയ്യുന്നു. 1) ലി രിളല്ലാഹി തആല, 2) തിരുനബി(സ),3)അസ്വ്ഹാബുല്‍ ബദ്ര്‍(റ), 4) എല്ലാ സ്വഹാബികളും എല്ലാ ശുഹദാക്കളും,5) ഖുത്വുബുല്‍ അക്താബ്(റ), 6) എല്ലാ മശാഇഖുമാരും എല്ലാ ഉലമാക്കളും, 7)എല്ലാ സ്വാലിഹീങ്ങളും എല്ലാ മുഅ്മിനീങ്ങളും എന്നിങ്ങനെയാണ് ഏഴു ഫാത്വിഹ നിര്‍ദേശിക്കപ്പെട്ടത്. ബൈത്തുകള്‍ ചൊല്ലിയ ശേഷം അവസാനത്തില്‍ യാസീന്‍ പാരായണവും വിശ്വാസികള്‍ക്കായി പ്രാര്‍ഥനയും നടക്കുന്നു. ആത്മീയബോധനവും ഇതോടൊന്നിച്ചു നടക്കുന്നു.സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ മഹല്ല്,യൂനിറ്റ ്തലങ്ങളില്‍ നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമങ്ങളുടെ ഭാഗമായി സ്ഥാപകദിനമായ ഇന്നു പ്രത്യേകം സദസ്സുകള്‍ സംഘടിപ്പിക്കുകയോ പ്രാര്‍ഥന നടത്തുകയോ ചെയ്യാന്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍ദേശിച്ചിട്ടുണ്ട്.(suprabhaatham.com ഹസന്‍ സഖാഫി പൂക്കോട്ടൂര്‍)
No comments:
Post a Comment